കൊടുങ്ങല്ലൂർ : തീരദേശ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന തീര സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള കടലോര ശുചീകരണത്തിന് ശനിയാഴ്ച തുടക്കമാകും. രാവിലെ 9ന് മുനയ്ക്കലിൽ ശുചീകരണ പ്രവൃത്തികൾ ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയാകും. തീരദേശ മേഖലയിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.
തീര സംരക്ഷണം, സുരക്ഷ ഒരുക്കൽ, തൊഴിൽ പരിശീലനങ്ങൾ, ഗവേഷണ പഠന പരിപാടികൾ, സംവാദ സദസുകൾ, തൊഴിൽ മേളകൾ, സംരംഭകത്വ പ്രോത്സാഹന പരിപാടികൾ, സംഘക്കൃഷി, മത്സ്യ വിപണന സൗകര്യങ്ങൾ, പച്ചതുരുത്തുകൾ, ഔഷധത്തോട്ടങ്ങൾ ഒരുക്കൽ എന്നിങ്ങനെ വിവിധ പരിപാടികളും പദ്ധതിയിലുണ്ട്. പദ്ധതി പൂർണമായി നടപ്പാകുന്നതോടെ മോഷണവും ലഹരി വിൽപ്പനയും നിയന്ത്രണ വിധേയമാകും. തൊഴിലുപകരണങ്ങളുടെ സുരക്ഷയ്ക്കായി മത്സ്യ ബന്ധന കടവുകളെ സി.സി.ടി.വി സുരക്ഷയ്ക്ക് കീഴിൽ കൊണ്ടുവരണം എന്നുള്ള ഏറെക്കാലമായുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യവും പദ്ധതിയിലൂടെ നടപ്പാകും.

7 പഞ്ചായത്തുകളിലെ ബീച്ചുകൾ ശുചീകരിക്കും
എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടതിരിഞ്ഞി എന്നീ പഞ്ചായത്തുകളിലെ കടലോരങ്ങളിലാണ് ശുചീകരണം നടത്തുന്നത്. മറ്റിടങ്ങളിലെല്ലാം സംഘാടക സമിതി രൂപീകരിച്ച ശേഷമാകും ശുചീകരണം. ഏഴ് പഞ്ചായത്തുകളിലെയും ബീച്ചുകൾ ശുചീകരിക്കും. അവിടെ എഴുപതോളം വേസ്റ്റ് ബിനുകളും അറുപതോളം നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുകയും തീരം സൗന്ദര്യവത്കരിക്കുകയും ചെയ്യും. ഹരിതകേരളം മിഷൻ, നാഷണൽ സർവീസ് സ്‌കീം കൊടുങ്ങല്ലൂർ ക്ലസ്റ്റർ, ജില്ലാ ടൂറിസം ഡവലപ്പ്‌മെന്റ് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം. പൊതുജനങ്ങളും വിവിധ സംഘടനാ ഭാരവാഹികളും കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുക്കും.