വടക്കാഞ്ചേരി : കുറാഞ്ചേരി ദുരന്തത്തിന്റെ ആറാം വാർഷികം നാളെ ആചരിക്കുമ്പോൾ ആധുനിക കുറാഞ്ചേരിക്ക് കരുത്തായി റീ ബിൽഡ് കേരള. മണ്ണിടിച്ചിൽ സർവവും തകർത്ത കുറാഞ്ചേരിയെ വീണ്ടും കെട്ടിപ്പടുത്തത് പന്ത്രണ്ടരക്കോടിയോളം ചെലവഴിച്ചാണ്. കുറാഞ്ചേരി മലയെ ചുറ്റിക്കിടക്കുന്ന മൂന്ന് കിലോമീറ്റർ റോഡ്, നീർച്ചാലുകൾ, കുളത്താഴം ചോല, സംസ്ഥാന പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം, മണ്ണ് വന്നു മൂടിയ പൊതുകിണർ എന്നിവയെല്ലാം നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ വീണ്ടെടുത്തു. കുറാഞ്ചേരി, കുത്തുപാറ, നായരങ്ങാടി, കുളത്താഴം എന്നിവിടങ്ങളിലെ തോടും പുനർ നിർമ്മിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നു.
ഡിസംബറോടെ പൂർത്തിയായേക്കും. മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് നിയമാനുസൃതമുള്ള ധനസഹായം വിതരണം ചെയ്തു. തകർന്നടിഞ്ഞ വീടുകൾക്ക് പകരം വീടുകൾ നൽകി. ഭൂമിയും അനുവദിച്ചു. പ്രഖ്യാപിച്ച പദ്ധതികളിൽ ഇനിയും പൂർത്തിയാകാത്തത് വനം വകുപ്പിന്റെ ഭൂമിയിലാണ്. വനത്തിൽ നിന്ന് നീർച്ചാലുകൾ നിർമ്മിക്കാനുള്ള പദ്ധതി യാഥാർത്ഥ്യമാക്കേണ്ടത് വനം വകുപ്പാണ്.
കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ 2019ൽ കുറാഞ്ചേരിയിൽ സന്ദർശനം നടത്തിയിരുന്നു. അന്ന് ഏറെ അപകടകരമായ മേഖലയാണ് കുറാഞ്ചേരിയിലേതെന്നാണ് വിലയിരുത്തിയത്. മണ്ണും കല്ലും ഇടിഞ്ഞിറങ്ങുകയും ദുരന്തത്തിന്റെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തുവെന്നാണ് നിഗമനത്തിൽ എത്തിയത്. വിദഗ്ദ്ധർ നിർദ്ദേശിച്ച ഹരിതവത്കരണം ഇപ്പോഴും ഭാഗികമായേ നടന്നിട്ടുള്ളൂ. റെയിൽവേയും ഏറെ സുരക്ഷ തങ്ങളുടെ സ്ഥലത്ത് ഒരുക്കി. മണ്ണിടിച്ചിൽ ആശങ്ക പരത്തിയപ്പോൾ അതിനെതിരെ അതീവ ജാഗ്രത പ്രഖ്യാപിച്ചുള്ള പ്രവർത്തനങ്ങളാണ് വിവിധ സർക്കാർ ഏജൻസികൾ ഏറ്റെടുത്ത് നടത്തിയത്. സ്ഥലം സന്ദർശിച്ച ജിയോളജി വകുപ്പ് ഇക്കാര്യത്തിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തി. നിതാന്ത ജാഗ്രത മേഖലയിൽ തുടരുമെന്ന് തെക്കുംകര പഞ്ചായത്തും, വടക്കാഞ്ചേരി നഗരസഭയും പ്രഖ്യാപിച്ചിട്ടുണ്ട്.