mk-vanugopal

പുതുക്കാട്: ആലത്തൂർ ഗ്രാമത്തിലേക്ക് വീണ്ടും രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. മണപ്പിള്ളി വീട്ടിലേക്കാണ് ഇക്കുറിയും രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. എം.കെ. വേണുഗോപാലാണ് (52) ഇക്കുറി രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായത്. വേണുഗോപാലിന്റെ സഹോദരന്റെ ഭാര്യ കൊടകര പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ: എ.കെ. ഷീബ 2022ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹയായിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് സർക്കിൾ ഇൻസ്‌പെക്ടറാണ് വേണുഗോപാൽ. കേരള അത്‌ലറ്റിക് ടീം മുൻ അംഗമായ വേണു, 1990ൽ നടന്ന സംസ്ഥാന മീറ്റിൽ 200 മീറ്ററിൽ സ്വർണമെഡൽ നേടിയിരുന്നു. തൃശൂർ കേരളവർമ്മ കോളേജിലെ പഠന കാലത്ത് 100 മീറ്ററിലും, 200 മീറ്ററിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യനും ഇന്ത്യൻ യൂണിവേഴ്‌സിറ്റി ടീം അംഗവുമായിരുന്നു. 1992 ൽ നടന്ന അഖിലേന്ത്യാ പൊലീസ് മീറ്റിൽ 200 മീറ്ററിൽ സ്വർണമെഡൽ നേടിയിരുന്നു. ഭാര്യ: ബിനു. മകൾ: കീർത്തി.