വാടാനപ്പള്ളി : ഖുർആൻ പൂർണ്ണമായും ഹൃദിസ്ഥമാക്കി വിദ്യാർത്ഥികളായ മൂവർ സഹോദരങ്ങൾ. ചാവക്കാട് മാട്ടുമ്മൽ സ്വദേശി മമ്മസ്രായില്ലത്ത് ബഷീർ- ലുബിന ദമ്പതികളുടെ മക്കളായ രിഹാൻ, രിസ് വാൻ, അബ്ദുൽ റാസിഖ് എന്നിവരാണ് നേട്ടം കൈവരിച്ചത്. തനിക്ക് ലഭിക്കാതെ പോയ ഉന്നത മത പഠനം മക്കളിലൂടെ സാദ്ധ്യമാക്കണമെന്ന ആഗ്രഹമാണ് പിതാവ് സാക്ഷാത്കരിച്ചത്. മൂത്ത മക്കളായ രിഹാൻ, രിസ് വാൻ എന്നിവർ ഒറ്റപ്പാലം മർകസിൽ നിന്നാണ് ഖുർആൻ മനഃപാഠമാക്കിയത്. അവിടെ തന്നെയാണ് തുടർ പഠനം. മൂത്ത സഹോദരനായ രിഹാൻ ഇപ്പോൾ ഉന്നത പഠനത്തിനും ബിരുദം നേടാനുമായി സമസ്ത ട്രഷറർ നേതൃത്വം നൽകുന്ന കോട്ടൂർ മസാലിക് സ്ഥാപനത്തിൽ ഫാളിലി കോഴ്‌സിന് പഠിക്കുകയാണ്.
ഇളയ മകനായ അബ്ദുൽ റാസിഖിനെ വാടാനപ്പള്ളി ഇസ്ര മസ്ഹറുൽ ഖുർആൻ അക്കാഡമിയിലാണ് പഠനത്തിനായി ചേർത്തത്. അബ്ദുൽ റാസിഖിന്റെ ഖുർആൻ ഹിഫ്‌ള് പൂർത്തീകരണ ചടങ്ങ് 'നൂറേ ഖിതാം' ഇസ്രയിൽ നടന്നു. അബ്ദുൽ റഹ്മാൻ സിദ്ദീഖി അദ്ധ്യക്ഷത വഹിച്ചു. ഇസ്ര ഡീൻ റാഫി സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുൽ റാസിഖിനെയും പിതാവിനെയും ആദരിച്ചു. ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, സയ്യിദ് ഇയാസ് നൂറാനി, ജുനൈദ് നൂറാനി, സലീം മുസ്‌ലിയാർ, ആർ.കെ മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.