flood

ചാലക്കുടി: ആകാശത്തെ കാർമേഘങ്ങളേക്കാൾ ഇരുണ്ടതാണ് ഇപ്പോൾ ചാലക്കുടിക്കാരുടെ മനസ്. വെള്ളമെത്തിച്ചേരുന്ന ഡാമുകൾ ഏറെക്കുറെ നിറഞ്ഞു. കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ കനത്ത ജാഗ്രത മുന്നറിയിപ്പും നിലനിൽക്കുന്നു. 2018ലെ പ്രളയ ദിനങ്ങളാണ് നാട്ടുകാരുടെയുള്ളിൽ. കഴിഞ്ഞ മേയ് അവസാനം സംഭവിച്ച മലവെള്ളപ്പാച്ചിലും ഇതിന്റെ ആഘാതം പതിന്മടങ്ങ് വർദ്ധിക്കുന്നു.

ആറ് വർഷം മുൻപുള്ള പ്രളയത്തിന്റെ ഭീകരദിനം ഇക്കുറിയും ചാലക്കുടിയുടെ ഉറക്കം കെടുത്തുന്നു. ജലനിരപ്പ് 10.50 മീറ്ററായി ഉയർന്ന അന്ന് ആഗസ്റ്റ് 16ന് പുഴ പലയിടത്തും ഗതിമാറിയൊഴുകി. റോഡും തോടും അരുവിയായി. പ്രളയത്തെക്കുറിച്ച് കേട്ടറിവ് മാത്രമായിരുന്ന പുതിയ തലമുറ അന്തം വിട്ടുനിന്നു. നിരവധി യുവാക്കൾ രക്ഷാദൗത്യം സ്വയം ഏറ്റെടുത്തപ്പോൾ തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ടത് നൂറുകണക്കിന് ആളുകൾക്കാണ്. നൂറ്റാണ്ടിലെ പ്രളയം പക്ഷേ, അഞ്ച് ജീവൻ കവർന്നു.

പടിഞ്ഞാറെ ചാലക്കുടിയിൽ പഴയ വീട് തകർന്ന് മാർക്കറ്റിലെ വ്യാപാരിയും അമ്മയും അതിരപ്പിള്ളിയിലെ പണ്ടാരംപാറയിലെ ഉരുൾപൊട്ടലിൽ വൃദ്ധയും മരിച്ചത് കറുത്ത ഏടായി. മുരിങ്ങൂർ അടിപ്പാതയിലെ വെള്ളക്കെട്ടിൽ ബസ് ജീവനക്കാരന്റെ മരണവും നടുക്കി. കിഴക്കൻ മലകളിലെ നാൽപ്പതോളം ഉരുൾപൊട്ടലും അനേകം വീടുകളുടെ തകർച്ചയും സർക്കാർ കണക്കുകളിൽ സ്ഥാനം പിടിച്ചു. വെറ്റിലപ്പാറ പാലത്തിന്റെ ഭാഗിക തകർച്ച, വെട്ടുകടവ് പാലത്തിന് മുകളിലൂടെ തടികളുടെ ഒഴുകിപ്പോകൽ ഇവയെല്ലാം നാട്ടുകാർ കണ്ടും കേട്ടും തരിച്ച് നിന്നു. നൂറുകണക്കിന് കന്നുകാലികൾ ചത്തതും അനേകം റോഡുകൾ തകർന്നതും നാടിനുണ്ടാക്കിയ നഷ്ടം കനത്തതായി.


ഡാമിലെ ഇന്നലത്തെ അവസ്ഥ

കേരള ഷോളയാർ വെള്ളം 84 ശതമാനം
തമിഴ്‌നാട് ഷോളയാർ 99 ശതമാനം
പറമ്പിക്കുളം 98 ശതമാനം
പെരിങ്ങൽക്കുത്ത് ഡാം ജലനിരപ്പ് 419.5 മീറ്റർ
(സംഭരണ ശേഷി 424 മീറ്റർ).