വടക്കഞ്ചേരി: കഴിഞ്ഞമാസത്തെ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ റേഷൻ കടകളിൽ വെള്ളം കയറി നശിച്ചത് 171 ക്വിന്റൽ 74 കിലോ ഭക്ഷ്യധാന്യങ്ങൾ. 161 ക്വിന്റൽ 10 കിലോ അരിയും 10 ക്വിന്റൽ 64 കിലോ ഗോതമ്പും ഇതിൽ ഉൾപ്പെടുന്നു. 565 കിലോ ആട്ടയും ഭക്ഷ്യ യോഗ്യമല്ലാതായി. താലൂക്കിലെ വടക്കഞ്ചേരി നഗരസഭ, എരുമപ്പെട്ടി, മുള്ളൂർക്കര, പാഞ്ഞാൾ, കൊണ്ടാഴി, പഴയന്നൂർ, തെക്കുംകര പഞ്ചായത്തുകളിലായി ഒന്നാം കല്ല്, കുണ്ടന്നൂർ, ആറ്റൂർ, മുള്ളൂർക്കര, കിള്ളിമംഗലം, മായന്നൂർ, പഴയന്നൂർ ടൗൺ, കരുമത്ര , വിരുപ്പാക്ക തുടങ്ങി 9 കടകളിലാണ് നാശനഷ്ടം. ഇതിൽ ഏറ്റവും കൂടുതൽ നാശമുണ്ടായത് പഴയന്നൂർ ടൗൺ റേഷൻ കടയിലാണ്. 29 ക്വിന്റൽ അരിയും, 164 കിലോ ഗോതമ്പും, 34 കിലോ ആട്ടയും നശിച്ചു.

ദുർഗന്ധം വമിച്ച് ഭക്ഷ്യധാന്യങ്ങൾ

ദുർഗന്ധം വമിക്കുന്ന ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിൽനിന്ന് നീക്കം ചെയ്യാനാകാതെ പ്രതിസന്ധിയിലായി വ്യാപാരികൾ. ഉദ്യോഗസ്ഥരുടെ അനുമതി കിട്ടാത്തതാണ് കാരണം. പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായിട്ടുണ്ടെങ്കിലും ഉന്നത അധികൃതരുടെ അംഗീകാരം ആവശ്യമാണ്. ഉന്നതസംഘം റേഷൻ കടകളിൽ നടത്തുന്ന പരിശോധനകൾ തുടരുകയാണ്. അനുമതിയില്ലാതെ ഭക്ഷ്യധാന്യങ്ങൾ നീക്കം ചെയ്താൽ നഷ്ടം വ്യാപാരികൾ നൽകേണ്ടിവരും. അടിയന്തരമായി പരിശോധനകൾ പൂർത്തിയാക്കണം എന്നാണ് വ്യാപാരികളുടെ ആവശ്യം.


നശിച്ചാൽ നീക്കംചെയ്യൽ സങ്കീർണ്ണം


ഭക്ഷ്യധാന്യങ്ങൾ നശിച്ചാൽ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ കടകളിലെത്തി പരിശോധന നടത്തും. റേഷനിംഗ് ഇൻസ്‌പെക്ടർ, താലൂക്ക് സപ്ലൈ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസർ, തഹസിൽദാർ എന്നിവരാണ് പരിശോധനാ ഉദ്യോഗസ്ഥർ. ഭക്ഷ്യധാന്യപരിശോധന നടത്തുന്നത് ക്വാളിറ്റി കൺ ട്രോളർ (ക്യൂ.സി) ആണ്. കടകളിലെ എല്ലാചാക്കുകളും പരിശോധനക്ക് വിധേയമാക്കും. ഭക്ഷ്യയോഗ്യമായത് വേർതിരിക്കും. ഭാഗികമായി നശിച്ചവ കാലിത്തീറ്റ , വളം എന്നിവക്ക് ഉപയോഗിക്കും. മറ്റുള്ളവ കുഴിച്ച് മൂടും. ദുരുപയോഗം തടയുന്നതിനാണ് നടപടി . ഇതിനുള്ള ചെലവ് ലൈസൻസി വഹിക്കണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത്.

അഞ്ച് കടകളിലെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. ഒന്നാം കല്ല് (126), കിള്ളിമംഗലം (187), മായന്നൂർ (239), പഴയന്നൂർ ടൗൺ (222) എന്നിവിടങ്ങളിൽ പൂർത്തീകരിക്കാനുള്ളത്. ഇവിടങ്ങളിലെ നടപടി ക്രമങ്ങൾ പൂർത്തിയായി വരികയാണ്.

- സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ