fraud

തൃശൂർ: ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവും തൃശൂർ കോർപ്പറേഷൻ മുൻ കൗൺസിലറുമായ സി.എസ്.ശ്രീനിവാസനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി സസ്‌പെൻഡ് ചെയ്തതായി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. ഗുരുതര സാമ്പത്തിക ആരോപണവും തുടർന്നുണ്ടായ അറസ്റ്റും പൊതുസമൂഹത്തിൽ പാർട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞദിവസം അറസ്റ്റിലായ ശ്രീനിവാസനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് നാലിന് പദ്മശ്രീ ജേതാവായ ടി.എ.സുന്ദർമേനോനും അറസ്റ്റിലായിരുന്നു. കേസിൽ നാലുപേർകൂടി പിടിയിലാകാനുണ്ട്.

പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങൾ വഴി ഏഴ് കോടിയിലധികം രൂപ തട്ടിപ്പു നടത്തിയെന്നാണ് പരാതി. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു ശ്രീനിവാസൻ.

വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിക്കുക, ആർ.ബി.ഐ നിബന്ധനകൾക്ക് വിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിക്കുക, കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരിച്ചുനൽകാതിരിക്കുക തുടങ്ങിയ പരാതികളും ഉയർന്നു. പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച പണം ഡയറക്ടർമാർ ഭൂസ്വത്ത് വാങ്ങാനുപയോഗിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.