തൃശൂർ : രാമായണം വെറുമൊരു കഥയല്ല നിയമസംഹിത കൂടിയാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഭാരതീയ അഭിഭാഷക പരിഷത്തുമായി ചേർന്ന് നടത്തിയ രാമായണ വിചാരസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ദേവൻ രാമചന്ദ്രൻ. ഭരണഘടന ഒരു നിയമസംഹിത മാത്രമല്ല ധാർമ്മിക സംസ്‌കാരത്തിന്റെ ആവിഷ്‌കാരമാണ്. മനുഷ്യ ജീവിതത്തിൽ പാലിക്കേണ്ട മര്യാദയുടെ പാഠമാണ് രാമായണം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാമായണ മാസാചരണ സമിതി ചെയർമാൻ എ.പി.നാരായണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് മുൻ പ്രസിഡന്റ് അഡ്വ.സജിനാരായണൻ, അഭിഭാഷക പരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.ആർ.രാജേന്ദ്രൻ, സമിതി സംസ്ഥാന സെക്രട്ടറി ഡോ.എം.വി.നടേശൻ, വി.കെ.വിശ്വനാഥൻ, അഡ്വ.പി.ജി.പ്രിയൻ, കെ.സതീശ്ചന്ദ്രൻ എന്നിവർ സംസാരിച്ചു.