തൃശൂർ: സമഭാവനയിൽ അധിഷ്ഠിതമായ നവഭാരത നിർമ്മിതിക്കായി ഓരോ ഇന്ത്യൻ പൗരനും ശ്രമിക്കണമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയെ കളക്ടർ അർജുൻ പാണ്ഡ്യൻ സ്വീകരിച്ചു. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എസ്.പി.സി, എൻ.സി.സി ഉൾപ്പെടെ 20 പ്ലറ്റൂണുകൾ അണിനിരന്നു. തൃശൂർ സെന്റ് ആൻസ് കോൺവെന്റ്, കുരിയച്ചിറ സെന്റ് ജോസഫ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ബാൻഡ് പ്ലറ്റൂണുകൾ പരേഡിന് മികവേകി. ചേലക്കര സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.സതീഷ് കുമാർ പരേഡ് നയിച്ചു.
ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇൻസ്‌പെക്ടർ പി.വി.ശിവശങ്കരനായിരുന്നു സെക്കൻഡ് ഇൻ കമാന്റ്. സായുധസേനാ പതാക നിധിയിലേക്ക് കൂടുതൽ തുക സമാഹരിച്ച വിദ്യാഭ്യാസ സ്ഥാപനമായ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാളിനും വിദ്യാഭ്യാസേതര സ്ഥാപനമായ തൃശൂർ 24 കേരള ബറ്റാലിയൻ എൻ.സി.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലെഫ്. കേണൽ എം.ടി.ബ്രിജേഷിനും റോളിംഗ് ട്രോഫികളും മന്ത്രി സമ്മാനിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, റൂറൽ പൊലീസ് മേധാവി നവനീത് ശർമ്മ, സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക്, അസി. കളക്ടർ അതുൽ സാഗർ, തേറമ്പിൽ രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
മികച്ച പ്ലറ്റൂണുകൾ
സർവീസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.പി.സാജൻ പ്രഭാശങ്കർ നയിച്ച കേരള ഫോറസ്റ്റ് ഡിവിഷന്റെ പ്‌ളറ്റൂണിന് ഒന്നാം സ്ഥാനം ലഭിച്ചു. റിസർവ് സബ് ഇൻസ്‌പെക്ടർ കെ.ഗിരീഷ്‌കുമാർ നയിച്ച നയിച്ച ഡി.എച്ച്.ക്യൂ ക്യാമ്പ് പ്‌ളറ്റൂണിനാണ് രണ്ടാം സ്ഥാനം.