ചെറുതുരുത്തി: സ്വാതന്ത്ര്യ ദിനത്തിൽ ഉപയോഗിച്ച പതാകകൾ വലിച്ചെറിയാതെ വിത്ത് പതാക എന്ന നൂതന ആശയവുമായി ചെറുതുരുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയതോടെ കടലാസും തുണികളും ഉപയോഗിച്ചാണ് പതാകകൾ അധികവും ഉപയോഗിക്കുന്നത്. ആഘോഷ ദിവസം കഴിഞ്ഞാൽ പതാകകൾ വലിച്ചെറിയുന്നത് ഒഴിവാക്കാൻ വിത്തുകൾ പതിച്ച പതാക എന്ന ആശയവുമായി സ്‌കൂൾ രംഗത്തെത്തിയത്. നിശ്ചിത വലിപ്പമുള്ള കടലാസ് പതാകകൾ ആവശ്യം കഴിഞ്ഞാൽ രണ്ടു ദിവസത്തിനുള്ളിൽ നിറം മങ്ങിത്തുടങ്ങും. തുടർന്ന് വിത്തുകൾ പതിച്ച ഈ പതാക വെള്ളത്തിൽ മുക്കിവച്ചശേഷം മേൽ മണ്ണിനടിയിൽ ഇട്ടാൽ ഇതിനുള്ളിലെ വിത്തുകൾ മുളച്ച് ദിവസങ്ങൾക്കുള്ളിൽ മുള വളരും. ദേശീയ പതാകയോടുള്ള അനാദരവ് മാറ്റുക, കുട്ടികളിൽ പരിസ്ഥിതി സ്‌നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷേക്ക് അബ്ദുൽ ഖാദർ പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എം. ഹനീഫ അദ്ധ്യക്ഷനായി. സുബിൻ ചെറുതുരുത്തി, എം. പ്രീതി, ആൻസിയമ്മ മാത്യു, കെ.കെ.സുജിത, പി .എസ് .ദീപ തുടങ്ങിയവർ പ്രസംഗിച്ചു.