ചാലക്കുടി: മണ്ണിനോട് മല്ലടിച്ച് വിളയിച്ചതെല്ലാം ഒന്നൊഴിയാതെ മൃഗങ്ങൾ നശിപ്പിക്കുന്ന ദുഃഖത്തിലാണ് അതിരപ്പിള്ളി മേഖലയിലെ ഓരോ കർഷകരും. ചിങ്ങം ഒന്ന് കർഷക ദിനമാണെങ്കിലും സംസ്ഥാന അതിർത്തി പ്രദേശവും മലയോര മേഖലയുമായ അതിരപ്പിള്ളിയിലെ കർഷകർക്കിത് ദുരിത ദിനങ്ങളാണ്. വന്യജീവികളെ ഭയന്ന് ഭൂരിഭാഗം കർഷകരും കാര്യമായി കൃഷിയിറക്കുന്നില്ല. ആനകൾ തെങ്ങും പ്ളാവും നശിപ്പിക്കുമ്പോൾ പന്നിക്കൂട്ടങ്ങൾ നാശമുണ്ടാക്കുന്നത് കപ്പയ്ക്കും ചെറുകിട വിളകൾക്കുമാണ്. റബർ തൊലി കാർന്നു തിന്നുന്ന മാനും മ്ലാവും മറ്റൊരു ഭീഷണിയാണ്. പഴങ്ങൾ മാത്രം ലക്ഷ്യം വച്ചെത്തുന്ന അണ്ണാനുകൾ ഇളം തേങ്ങകളും അകത്താക്കും. ആദ്യകാലത്ത് പ്രദേശത്ത് കാണാതിരുന്ന മയിലുകൾ ഇന്ന് കൂട്ടത്തോടെ കപ്പക്കൃഷി തേടി പറന്നെത്തുന്നു. പയറ് വർഗങ്ങൾ തേടി തത്തകളുമെത്തും. ആനകളുടെ കടന്നുകയറ്റം കൃഷിക്കൊപ്പം നാട്ടുകാരുടെ ജീവനും ഭീഷണിയാണ്. ഇവയെ പടക്കംപൊട്ടിച്ച് ഓടിക്കലാണ് അതിരപ്പിള്ളിക്കാരുടെ രാത്രികാല ജോലി. സ്വന്തം ജീവൻ രക്ഷപ്പെടുത്തിയ ശേഷം മതി കൃഷിയെന്നാണ് ഓരോ കർഷകനും പറയുന്നത്.

നെൽക്കൃഷിയും അവതാളത്തിൽ


നെൽക്കൃഷി ഇല്ലാത്ത പഞ്ചായത്താണ് അതിരപ്പിള്ളി. എന്നാൽ തവളക്കുഴിപ്പാറയിലെ ആദിവാസി വിഭാഗം സ്ഥിരമായി നെൽക്കൃഷി നടത്താറുണ്ട്. ഒരു തവണ കാട്ടു പോത്തുകൾ മേഞ്ഞതോടെ ഇവരുടെ അഞ്ചേക്കർ കൃഷി നശിച്ചു. ഇതോടെ ഈ പ്രദേശത്തെ നെൽക്കൃഷി ഇല്ലാതായി. ഇപ്പോൾ രണ്ടു കുടുംബങ്ങൾ പേരിന് മാത്രമാണ് കൃഷി ചെയ്യുന്നത്.

ഇത്തവണത്തെ കൃഷി വകുപ്പിന്റെ മികച്ച ജൈവ കർഷകനുള്ള അവാർഡ് ലഭിച്ചിരുന്നു. മുൻ വർഷങ്ങളിൽ പുരസ്‌കാരം കിട്ടുമ്പോൾ വലിയ സന്തോഷമായിരുന്നു. പക്ഷെ, ഇന്ന് മനസിൽ നിറയെ ആധിയാണ്. മണ്ണിനോട് പടവെട്ടി നേടുന്നതെല്ലാം വന്യമൃഗങ്ങൾ പാഴാക്കുന്നു. നാലര ഏക്കറിലുള്ള വിവിധ വിളകൾ ഇപ്പോൾ നാലിൽ ഒന്നാക്കി ചുരുക്കേണ്ടി വന്നു.

സണ്ണി ജോൺ മംഗലശേരി
കർഷകൻ