ചാലക്കുടി: നഗരസഭ അതിർത്തിയിലെ വഴിയോരങ്ങളും പൊതുയിടങ്ങളും ശുചിത്വവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിന് വിദ്യാർത്ഥിളുടെ പങ്കാളിത്തം ഉറപ്പാക്കാൻ നഗരസഭ. ശുചിത്വ നഗരത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും വിദ്യാർത്ഥികളുടേയും പങ്കാളിത്തത്തിന് വിവിധ പ്രവർത്തന പരിപാടികൾക്ക് രൂപം നൽകും. വിദ്യാലയ മേധാവികൾ,വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുടെ യോഗം പദ്ധതികൾ ചർച്ച ചെയ്തു. വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ശുചിത്വബോധം വളർത്തൽ, സ്വന്തം വീടും വിദ്യാലയവും ശുചിത്വമുള്ളതാക്കൽ, പൊതുയിടങ്ങൾ ശുചിത്വമുള്ളതാക്കുന്നതിൽ പങ്ക് വഹിക്കൽ എന്നിവയ്ക്ക് ആവശ്യമായ ക്യാമ്പയിൻ സംഘടിപ്പിക്കും. ചെയർമാൻ എബി ജോർജ് അദ്ധ്യക്ഷനായി. ആലീസ് ഷിബു, ദിപു ദിനേശ്, എം.എം. അനിൽകുമാർ, വി.എസ്. സന്ദീപ്കുമാർ, സുരേഷ് കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വിദ്യാർഥികൾക്ക് പുരസ്‌കാരങ്ങൾ നൽകും
സ്വന്തം വീടിന്റെ മുൻഭാഗത്തെ പൊതു സ്ഥലം വൃത്തിയായും മനോഹരമായും സൂക്ഷിക്കുന്ന വിദ്യാർഥികൾക്ക് സ്‌കൂൾ തലത്തിലും നഗരസഭാ തലത്തിലും പുരസ്‌കാരങ്ങൾ നൽകും. വിദ്യാലയത്തിന്റെ സമീപത്തെ പൊതു സ്ഥലങ്ങൾ മനോഹരമായി പരിപാലിക്കുന്നതിന് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേതൃത്വം നൽകും. ഈ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് സ്ഥാപനം മുൻകൈ എടുക്കും.