കുടിശ്ശിക 10.63 കോടി
തൃശൂർ: നെല്ലളന്നതിന്റെ പണം മാസങ്ങളായി കിട്ടാതായതോടെ ചിങ്ങം പിറന്നിട്ടും കണ്ണീരുണങ്ങാതെ കർഷകർ. മേയ് മുതലുള്ള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് തൃശൂർ എസ്.ബി.ഐയ്ക്കു മുമ്പിൽ കഴിഞ്ഞ ദിവസം കർഷകസമരം അരങ്ങേറി.
തുക കിട്ടാത്തത് പൊതുവെ നഷ്ടത്തിലായ നെൽക്കൃഷിയെയും കർഷകരെയും കൂടുതൽ പ്രതിസന്ധിയിലാക്കി. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ളവയാണ് ഉത്പാദനക്കുറവിന് കാരണം.
സർക്കാരിൽ നിന്ന് തുക അനുവദിക്കുന്നതിലുള്ള കാലതാമസമാണ് കുടിശ്ശികയുടെ പ്രധാന കാരണം. പി.ആർ.എസ് വായ്പയായി തുക നൽകുന്നതിൽ ബാങ്ക് നടപടിക്രമം വൈകുന്നതും വിനയാകുന്നു. സംസ്ഥാന സഹകരണ ബാങ്ക് വഴിയാണ് മുമ്പ് നൽകിയിരുന്നത്. മൂന്ന് കൊല്ലം മുമ്പ് അത് നിറുത്തലാക്കി എസ്.ബി.ഐ, കാനറ, ഫെഡറൽ ബാങ്കുകളെ ഏൽപ്പിച്ചു. നിലവിൽ ഫെഡറൽ ബാങ്കും കൺസോർഷ്യത്തിലില്ല. പലിശ കൂടുതലായതാണ് സഹകരണ ബാങ്കുകളെ ഒഴിവാക്കാനുള്ള കാരണമായി സർക്കാർ പറയുന്നത്. സർക്കാരാണ് പലിശ നൽകുന്നത്. എന്നാൽ സഹകരണബാങ്ക് പലിശ താരതമ്യേന കുറവാണെന്നും ഇക്കാര്യം സർക്കാരിനെ ധരിപ്പിച്ചിരുന്നതായും സഹകാരികൾ പറഞ്ഞു. കൂടുതൽ ശാഖകളുള്ള എസ്.ബി.ഐയിലാണ് ഭൂരിഭാഗം കർഷകർക്കും അക്കൗണ്ടുള്ളത്. ഉദ്യോഗസ്ഥർ കുറവാണെന്നത് ഉൾപ്പെടെയുള്ള കാരണങ്ങളാണ് നടപടിക്രമം വൈകാൻ കാരണമത്രെ. എന്നാൽ കാനറ ബാങ്കിൽ ഇത്രയും പ്രശ്‌നമില്ല.
വിനയായി മാലിന്യ പ്രശ്‌നവും
സംസ്ഥാനത്തെ മൊത്തം കർഷകരുടെ കുടിശ്ശിക തീർക്കാൻ സർക്കാർ 50 കോടി രൂപ അനുവദിച്ചെന്നാണ് വിവരം. തൃശൂരിനുള്ള വിഹിതം കിട്ടുന്നതും കാത്തിരിക്കുകയാണ് കർഷകർ. അതിനിടെ രണ്ടാഴ്ച മുമ്പത്തെ കനത്ത മഴയും ഡാം തുറന്ന് വിട്ടതിലുണ്ടായ വെള്ളപ്പൊക്കവും മൂലം പല പാടശേഖരങ്ങളിലും മാലിന്യം കുന്നുകൂടി. പ്ലാസ്റ്റിക് കുപ്പികളും മറ്റും എങ്ങനെ നീക്കുമെന്നറിയാതെ വലയുകയാണ് കർഷകർ. ഇവ നീക്കാനും പണം വേണം. നെൽക്കർഷകർക്ക് ആശ്വാസമായി തൊഴിലുറപ്പ് പദ്ധതി പ്രകാരം നടീൽ ഉൾപ്പടെ നടത്തിയിരുന്നെങ്കിലും ഇപ്പോഴില്ല. 2018ലെ പ്രളയത്തിൽ പല പാടശേഖരങ്ങളിലെയും ജൈവഗുണം നഷ്ടമായിരുന്നു.