വടക്കാഞ്ചേരി: കഴിഞ്ഞ മാസം പെയ്ത കനത്തമഴയിൽ വടക്കാഞ്ചേരി നഗരത്തിലെ പാതയോരത്ത് പതിച്ച ഭീമൻ കുന്നിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യരുതെന്ന് ജിയോളജി വകുപ്പ് മുന്നറിയിപ്പ് നൽകിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം. വിദഗ്ധ സംഘത്തിന്റെ അറിയിപ്പ് പ്രകാരം ഇവ നീക്കിയാൽ പ്രദേശത്ത് കൂടുതൽ കുന്നിടിയുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർ കേരള കൗമുദിയോട് പറഞ്ഞു.
താഴെ നിന്ന് മണ്ണ് നീക്കിയാൽ മുകൾ ഭാഗം ഒന്നാകെ ഇടിഞ്ഞ് താഴേക്ക് പതിക്കും. മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് വൻ ഉയരത്തിൽ നിൽക്കുന്ന വീടും നശിക്കും. മുകളിൽ നിന്ന് മണ്ണ് നീക്കം ചെയ്ത് മാറ്റുകയല്ലാതെ മറ്റ് മാർഗമില്ല. മണ്ണ് നീക്കം ചെയ്യാൻ നേരത്തെ മണ്ണ് മാന്തി യന്ത്രം എത്തിച്ചെങ്കിലും കൂടുതൽ കുന്നിടിച്ചിൽ കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അവശിഷ്ടങ്ങൾ കിടക്കുന്ന ഭാഗം പൂർണമായും പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റേതല്ല. സ്വകാര്യ വ്യക്തിയുടെ ഭൂമിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതോടെ നഗരസഭ സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നൽകി. ആറു മീറ്റർ ഉയരത്തിലാണ് വീടും അതീവ ദുർബലാവസ്ഥയിൽ കുന്നും നിലകൊള്ളുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള എറണാകുളം ആസ്ഥാനമായ റീജ്യണൽ ഇൻവെസ്റ്റിഗേഷൻ ക്വാളിറ്റി കൺട്രോൾ ലാബ് (ആർ. ഐ. ക്യു.സി. എൽ) അധികൃതർക്ക് വിദഗ്ദ ഉപദേശം തേടി കത്തെഴുതിയിട്ടുണ്ട്. അവരുടെ നിർദ്ദേശ പ്രകാരം അടിയന്തര നടപടി സ്വീകരിക്കും.
അസി: എക്‌സിക്യൂട്ടീവ് എൻജിനീയർ

മണ്ണ് സദ്യ വിളമ്പി കോൺഗ്രസ്


അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങപ്പിറവിയിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന പാതയോരത്ത് വാഴയിലകൾ നിരത്തി കുന്നിടിഞ്ഞതിന്റെ അവശിഷ്ടങ്ങളായ മണ്ണും കല്ലും വിളമ്പിയാണ് പ്രതിഷേധിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി ഷാഹിദ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മായിൽ അദ്ധ്യക്ഷനായി. ജിജോകുര്യൻ,പി.ജെ രാജു ,പി.ജി ജയദീപ്, പി.എൻ. വൈശാഖ്,അഡ്വ: ടി.എച്ച് മുഹമ്മദ് ഷെഫീക്ക്, സന്ധ്യ കൊടക്കാടത്ത് ,ടി.വി സണ്ണി, ശശിമംഗലം,ബാബുരാജ് കണ്ടേരി, ഗോപാലകൃഷ്ണൻ നന്തിലത്ത്, പി.എസ് രാധാകൃഷണൻ, എന്നിവർ സംസാരിച്ചു.