തൃശൂർ: കൊൽക്കത്തയിൽ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ഇരമ്പി. ജില്ലയിൽ ആരോഗ്യ മേഖല ഡോക്ടർമാരുടെ പ്രതിഷേധത്തിൽ സ്തംഭിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച സമരം ഇന്ന് രാവിലെ ആറിന് അവസാനിക്കും. ജില്ലയിലെ സർക്കാർ ആശുപത്രികൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഒ.പിയടക്കം പ്രവർത്തിക്കാതിരുന്നതോടെ ചികിത്സ തേടിയെത്തിയ ആയിരക്കണക്കിന് പേർക്ക് തിരിച്ചു പോകേണ്ടി വന്നു.
അതേസമയം, അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയകളും മുടക്കമില്ലാതെ നടന്നു. തൃശൂർ, ഇരിങ്ങാലക്കുട ജനറൽ ആശുപത്രികൾ, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികളിൽ അടക്കം ഒ.പി പ്രവർത്തിച്ചില്ല. ഐ.എം.എ, കെ.ജി.എം.ടി.എ, കെ.ജി.എം.ഒ.എ, ഐ.ഡി.എ തുടങ്ങി വിവിധ സംഘടനകളുടെ നതൃത്വത്തിലായിരുന്നു പ്രതിഷേധം. പണിമുടക്കിയ ഡോക്ടർമാർ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ജില്ലയിലെ 11 ബ്രാഞ്ചുകളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുത്തു.
ചെയർമാൻ ഡോ. ജോയ് മഞ്ഞില അദ്ധ്യക്ഷനായി. മുൻ സംസ്ഥാന പ്രസിഡന്റുമാരായ എം.ഇ. സുഗുഗണൻ, കെ.വി. ദേവദാസ്, സെക്രട്ടറി ഡോ. പി. ഗോപീകുമാർ, ഐ.എം.എ തൃശൂർ പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്, ഡോ. ബേബി തോമസ്, ഡോ. ആർ. ഇന്ദുധരൻ എന്നിവർ പങ്കെടുത്തു. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ആശുപത്രികളും സുരക്ഷിത മേഖലയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
മെഡിക്കൽ കോളേജിൽ ഡോക്ടർമാരും വിദ്യാർത്ഥികളും പണിമുടക്കി
ഗവ. മെഡിക്കൽ കോളേജിലെ ഒ.പിയും അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളും നടന്നില്ല. അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയകളും മാത്രമേ നടന്നുള്ളൂ. ഒ.പി ബ്ലോക്കിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഐ.എം.എ നാഷണൽ ഹെൽത്ത് സ്‌കീം സെക്രട്ടറി ഡോ. പി. ഗോപികുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.എം.സി.ടി.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. നിർമ്മൽ ഭാസ്‌കർ അദ്ധ്യക്ഷനായി.
ഐ.എം.എ തൃശൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജോസഫ് ജോർജും, ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ദേവദാസും മുഖ്യപ്രഭാഷണം നടത്തി. കോളേജ് യൂണിയൻ ചെയർമാൻ മേഘ, കെ.ജി.എം.സി.ടി.എ തൃശൂർ യൂണിറ്റ് സെക്രട്ടറി ഡോ. ജയകൃഷ്ണൻ, ഡോ. നിമിഷ, ഡോ. രാഹുൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
മെഡിക്കൽ കോളേജിൽ ദിനംപ്രതി 3000ലേറെ പേരാണ് വിവിധ വിഭാഗങ്ങളിലായി ഒ.പിയിൽ എത്താറുള്ളത്. എന്നാൽ സമരം കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നതിനാൽ രോഗികളുടെ എണ്ണം കുറവായിരുന്നു.