തൃശൂർ: ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കും എതിരായി വർദ്ധിച്ചുവരുന്ന അക്രമങ്ങളുടെയും, അതിനെതിരായി രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളുടെയും സാഹചര്യത്തിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയ്ക്കു കീഴിലുള്ള എല്ലാ കോളേജുകളും, ആശുപത്രികളും, പരിശീലനം സിദ്ധിച്ച സുരക്ഷാസേനയെ കാഷ്വാലിറ്റിയിലും ഒ.പി.ഡിയിലും മറ്റു പ്രധാന സ്ഥലങ്ങളിലും നിയോഗിക്കണമെന്ന് വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു. ഈ സ്ഥലങ്ങളിലെല്ലാം സി.സി.ടി.വി വേണം. സർവകലാശാലയുടെ ഗവേണിംഗ് കൗൺസിൽ കഴിഞ്ഞ വർഷം തന്നെ തീരുമാനം എടുത്തിട്ടുണ്ടെന്നും ഈ സുരക്ഷാക്രമങ്ങൾ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് തുടർ അംഗീകാരം നൽകില്ലായെന്നും വി.സി അറിയിച്ചു. മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിലെ സുരക്ഷാ പോരായ്മകളെക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്താ പ്രസിദ്ധീകരിച്ചിരുന്നു.