1

വടക്കാഞ്ചേരി: മുളങ്കുന്നത്തുകാവ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനിൽ (കില) കോളേജ് ആരംഭിക്കാൻ കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരം. കില കോളേജ് ഒഫ് ഡിസെൻട്രലൈസേഷൻ ആൻഡ് ഗവേണൻസിൽ രണ്ട് നാലുവർഷ ബിരുദ കോഴ്‌സുകൾ തുടങ്ങുന്നതിനാണ് അംഗീകാരം. ബി.എ റൂറൽ ഡെവലപ്‌മെന്റ് ആൻഡ് ഗവേണൻസ്, ബി.എ ജെൻഡ‌ർ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ ബിരുദ കോഴ്‌സുകൾക്കാണ് അംഗീകാരം ലഭിച്ചത്. 2023 സെപ്തംബറിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഈ ആവശ്യം നിയമസഭയിൽ ഉന്നയിച്ചിരുന്നു.

വിജ്ഞാന സമൂഹമാക്കി മാറ്റുക ലക്ഷ്യം: എം.എൽ.എ

കേരളത്തെ വി‌ജ്ഞാന സമൂഹമാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായി കിലയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുെമെന്ന്‌ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കുമുള്ള പരിശീലന കോഴ്‌സുകളും വികേന്ദ്രീകരണം, പ്രാദേശിക വികസനം എന്നീ വിഷയങ്ങളിലുള്ള ഗവേഷണങ്ങളുമാണ് കിലയിൽ ഇതുവരെ നടന്നുവന്നത്. 2022ൽ കിലയുടെ തളിപറമ്പ് ക്യാമ്പസിൽ മൂന്ന് ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ആരംഭിച്ചിരുന്നു. മുളങ്കുന്നത്തുകാവ് കോളേജ് കൂട്ടായ്മയുടെ വിജയമാണെന്നും എം.എൽ.എ പറഞ്ഞു.