ഇരിങ്ങാലക്കുട : വേളൂക്കരയിൽ കൊതുകുകൾക്ക് ഇനി അൽപ്പായുസ് മാത്രം. അതേ, കൊതുകുകളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കാൻ 'സ്‌പോർട്‌സ് മോസ് ക്വിറ്റ്' എന്ന വ്യത്യസ്തമായ പദ്ധതിക്ക് രൂപം നൽകിയിരിക്കയാണ് വേളൂക്കര പഞ്ചായത്ത്. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നത് ഒരു മത്സരമാക്കി മാറ്റി വിജയിക്കുന്നവർക്ക് സമ്മാനങ്ങളും നൽകുന്നതാണ് പദ്ധതി.
ജപ്പാനിലെ സ്‌പോർട്‌സ് ഗോമിഹിറോയി (പാഴ് വസ്തുക്കൾ പെറുക്കി മാറ്റുന്ന മത്സരം) എന്നതിന്റെ പ്രചോദനത്തിലാണ് സ്‌പോർട്‌സ് മോസ് ക്വിറ്റ് രൂപപ്പെടുത്തിയത്. പുതുക്കാട് കേന്ദ്രീകരിച്ച് സ്‌പോർട്‌സ് ഫോർ സോഷ്യൽ ചേഞ്ച് എന്ന സംഘടനയാണ് ആശയം മന്നോട്ടുവച്ചത്. വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ അതേറ്റെടുക്കുകയും മത്സരത്തിന്റെ ചിട്ടവട്ടങ്ങൾ രൂപപ്പെടുത്തുകയുമായിരുന്നു. ഏതാനും വാർഡുകളിൽ പരീക്ഷണാർത്ഥത്തിൽ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ആ ഇടങ്ങളിൽ കൊതുകുജന്യ രോഗങ്ങൾ നിയന്ത്രിക്കാനുമായി. പൊതുജന പങ്കാളിത്തവും നല്ല രീതിയിലുണ്ടായി. തുടർന്ന് പഞ്ചായത്ത് തല മത്സരം സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബും ചേർന്ന് 25 മുതൽ സെപ്തംബർ ഒന്നു വരെയുള്ള തീയതികളിൽ പഞ്ചായത്ത് തല ചാമ്പ്യൻഷിപ്പ് നടത്തും.
ഒരു ടീമിന് 25 ഓളം വീടുകൾ
മത്സരത്തിൽ രണ്ടോ മൂന്നോ അംഗങ്ങളുള്ള ടീം 25 വീടുകളോളം സന്ദർശിച്ച് കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കും. സന്ദർശിക്കുന്ന വീടുകളുടെ എണ്ണം, കണ്ടെത്തി നശിപ്പിക്കുന്ന ഉറവിടങ്ങളുടെ എണ്ണം എന്നിവയ്ക്കനുസരിച്ച് ടീമുകൾക്ക് സ്‌കോർ നൽകും. കൂടുതൽ സ്‌കോർ നേടുന്നവർക്ക് സമ്മാനം. വേളൂക്കര പഞ്ചായത്തിലെ 10 വയസിനു മുകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിലേക്ക് ഈ മാസം 24 വരെ പഞ്ചായത്തംഗങ്ങൾ വഴിയോ ഓൺലൈനായോ പേര് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർക്ക് ആരോഗ്യ പ്രവർത്തകർ പ്രത്യേക പരിശീലനം നൽകും. 18 വാർഡുകളിലായി നടക്കുന്ന മത്സരത്തിൽ, വാർഡ് തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് 1000, 500 എന്നിങ്ങനെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ നേടുന്ന ടീമിന് 5000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 3000 രൂപയും നൽകും.