തൃശൂർ: കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹീവാൻസ് എം.ഡിയും കെ.പി.സി.സി സെക്രട്ടറിയുമായിരുന്ന സി.എസ്.ശ്രീനിവാസനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയോടെയാണ് ശ്രീനിവാസനെയും കൊണ്ട് അന്വേഷണ സംഘം ഹീവാസ് നിധി കമ്പനിയുടെ ചക്കാമുക്കിലുള്ള ഹെഡ് ഓഫീസിലെത്തി തെളിവെടുപ്പ് നടത്തിയത്. ഓഫീസിലെത്തിച്ച് രേഖകൾ പരിശോധിച്ച ശേഷം അവ കസ്റ്റഡിയിലെടുത്തു.
ശ്രീനിവാസനെ കൊണ്ടുവരുമ്പോൾ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെയും വിളിച്ചു വരുത്തിയിരുന്നു. മണിക്കൂറുകളോളം രേഖകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതിന് ശേഷമാണ് ഇവിടെ നിന്ന് തിരിച്ചു പോയത്. തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് നിരവധി നിക്ഷേപകരും സ്ഥലത്തെത്തിയിരുന്നു. നേരത്തെ അറസ്റ്റിലായിരുന്ന ചെയർമാൻ സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.
സുന്ദർമേനോൻ, സി.എസ്. ശ്രീനിവാസൻ, ബിജു മണികണ്ഠൻ എന്നിവർക്കെതിരെ ജില്ലയ്ക്കത്ത് നിന്നും പുറത്തു നിന്നുമായി നിരവധി പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സുന്ദർ മേനോൻ, ശ്രീനിവാസൻ, ബിജു മണികണ്ഠൻ എന്നിവരെ ഒരുമിച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കുമെന്ന് അറിയുന്നു. കോടികളുടെ തട്ടിപ്പ് നടത്തിയ ഇവർക്കെതിരെ എല്ലാ തെളിവുകളും ശേഖരിച്ച് കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. പണം നഷ്ടപ്പെട്ട നിരവധിപേർ പണം തിരിച്ചുകിട്ടുന്നതിന് നടപടി സ്വകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവരെ കാണാനുള്ള തയ്യാറെടുപ്പും നടത്തുന്നുണ്ട്.