theeram
1

കൊടുങ്ങല്ലൂർ : തീര സുരക്ഷാ പദ്ധതിയുടെ ഭാഗമായി കടലോരങ്ങൾ ക്ലീനാകാൻ തുടങ്ങി. 200 ഓളം വരുന്ന സന്നദ്ധ പ്രവർത്തകരാണ് ഇന്നലെ അഴീക്കോട് മുനയ്ക്കൽ ബീച്ച് ശുചീകരിച്ചത്. എൻ.എസ്.എസ് വളണ്ടിയർമാർ, ഹരിതകർമ്മ സേനാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, യുവജന ക്ലബ്ബുകൾ, കടലോര ജാഗ്രതാ സമിതിയുടെ സന്നദ്ധ പ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവരെല്ലാം ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. തുടർന്നുവരുന്ന ദിവസങ്ങളിൽ എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തുരുത്തി എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലെ കടലോരങ്ങളും ശുചീകരിക്കും. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം എടത്തുരുത്തി ഡിവിഷനിലെ ചാമക്കാല ബീച്ചിൽ നടക്കും.
ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അദ്ധ്യക്ഷനായി. കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായിരുന്നു. പദ്ധതിയുടെ ലോഗോ പ്രകാശനവും കളക്ടർ നിർവഹിച്ചു. തീരസുരക്ഷാ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് ആർ.കെ. ബേബി വിശദീകരിച്ചു.

പദ്ധതി ഏഴ് പഞ്ചായത്തുകളിൽ
തീരദേശത്തെ ഏഴ് പഞ്ചായത്തുകളുടെ ബീച്ചുകൾ ശുചീകരിച്ച് വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ച് സൗന്ദര്യവത്കരണം നടത്തുകയും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതാണ് പദ്ധതി. മതിലകം ബ്ലോക്ക് പഞ്ചായത്തിലെ തീരദേശ മെമ്പർമാരായ കെ.എ. ഹഫ്‌സൽ, ആർ.കെ. ബേബി, നൗഷാദ് കറുകപ്പാടത്ത്, ഹഫ്‌സ ഒഫൂർ, വി.എസ്. ജിനിഷ്, ശോഭന ശാർങ്ധരൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.