തൃശൂർ: ഓണം വരവായി, ഇനി ഉത്രടപ്പാച്ചിലും ഓണത്തിരക്കുമെത്തും. പക്ഷെ, നഗരത്തിൽ എത്തുന്നവരെ കാത്തിരിക്കുന്നത് പാതാളക്കുഴികൾ. ഔദ്യോഗിക ഓണാഘോഷങ്ങളൊന്നും ഇല്ലെന്ന് പറയുമ്പോഴും ആചാരപരമായ ചടങ്ങുകൾക്കായി സാധനസാമഗ്രികൾ വാങ്ങുന്നതിനും പുതുവസ്ത്രങ്ങൾ എടുക്കുന്നതിനും നഗരത്തിലെത്തുന്നവരുടെ തിരക്ക് കൂടും.
നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്ന് തരിപ്പണമാണ്. ചൂണ്ടൽ - കുന്നംകുളം, തൃശൂർ - കൊടുങ്ങല്ലൂർ റോഡുകളുിലെ ദുരിതം താണ്ടി നഗരത്തിൽ എത്തുന്നവരെ കാത്തിരിക്കുന്നതും നരകപാതകൾ തന്നെ. ചൂണ്ടൽ - കുന്നംകുളം റോഡിന്റെ അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും വേഗമില്ലെന്നാണ് ആക്ഷേപം.
ശക്തൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളും മഴ പെയ്താൽ ചെളിക്കുളമാകുന്ന അവസ്ഥയിലാണ്. കുഴികളിൽ വീഴാതെ നടക്കണമെങ്കിൽ അഭ്യാസം പഠിക്കണമെന്നതാണ് സ്ഥിതി. എതാനും ദിവസം മുൻപ് ചിലയിടങ്ങളിൽ മെറ്റൽ കൊണ്ടിട്ട് ടാർ വിതറി പോയെങ്കിലും മഴ പെയ്തതോടെ ഒലിച്ചുപോയി. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ദിവാൻജി മൂല മേൽപ്പാലം കഴിഞ്ഞ് ശങ്കരയ്യ റോഡിന്റെ സ്ഥിതിയാണ് അതിദയനീയം.
കുണ്ടും കുഴിയും നിറഞ്ഞ് കിടക്കുന്ന ശങ്കരയ്യ റോഡിലൂടെയുള്ള വാഹനയാത്ര ഏറെ ദുഷ്‌കരമാണ്. പലപ്പോഴും സ്വകാര്യ ബസുകളും മറ്റും വഞ്ചിക്കുളം റോഡിലൂടെയാണ് തിരിച്ചുവിടുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്. ശങ്കരയ്യറോഡ് മുതൽ പടിഞ്ഞാറെക്കോട്ട വരെ ഇഴയുന്ന ട്രാഫിക്കാണ്. വെളിയന്നൂർ റോഡ്, പൂങ്കുന്നം, അശ്വനി ജംഗ്ഷൻ തുടങ്ങിയ റോഡുകളെല്ലാം തന്നെ തകർന്നു കിടക്കുകയാണ്.
സ്വരാജ് റൗണ്ടിൽ പരമ കഷ്ടം
ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്ന സ്വരാജ് റൗണ്ടിലെ കുഴികൾ അടയ്ക്കാൻ പോലും കോർപറേഷന്റെ ഭാഗത്ത് നിന്ന് നടപടികളില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. നടുവിലാലിന് തെക്ക് എകദേശം 20 മീറ്ററോളം ദൂരം പൂർണമായി തകർന്നിട്ടുണ്ട്. വളവ് തിരിഞ്ഞ് വരുന്ന സ്ഥലമായതിനാൽ നിരവധി പേരാണ് കുഴികളിൽ ചാടുന്നത്. കൂടാതെ റൗണ്ടിന്റെ മറ്റ് പലയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. സ്വരാജ് റൗണ്ടിലേക്ക് കയറുന്ന ഇടവഴികളുടെ സ്ഥിതിയും ശോചനീയം.
കുരുക്ക് മുറുകുന്നു
കുഴികൾ താണ്ടി സഞ്ചരിക്കേണ്ടി വരുന്നതോടെ നഗരത്തിൽ കുരുക്ക് മുറുകിത്തുടങ്ങി. ഓണനാളുകൾ അടുക്കുംതോറും ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ ഏറെ ദുരിതം അനുഭവിക്കേണ്ടി വരും. രാവിലെ എട്ട് മുതൽ പത്ത് വരെയും വൈകീട്ട് എട്ട് വരെയും നഗരത്തിലൂടെയുള്ള വാഹനയാത്രകൾ ദുഷ്‌കരം. അതിനിടെ പൊലീസിന്റെ അനാവശ്യ ഇടപെടലുകളും കൂടിയാകുമ്പോൾ കുരുക്ക് മുറുകും. ദിവാൻജി മൂല മേൽപ്പാലം, എം.ജി റോഡ്, പൂങ്കുന്നം, കെ.എസ്.ആർ.ടി.സി, കിഴക്കെ കോട്ട എന്നിവിടങ്ങളിലെല്ലാം കുരുക്ക് മൂലം ദുരിതപൂർണമാണ് യാത്ര.