1

വടക്കാഞ്ചേരി: പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഴാനി ഡാം ഗാർഡനിൽ സംഗീത ജലധാര (മ്യൂസിക്കൽ ഫൗണ്ടൻ) യാഥാർത്ഥ്യത്തിലേക്ക്. ഒരു വർഷം മുമ്പ് 5.99 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ടൂറിസം വകുപ്പ് ഭരണാനുമതി നൽകി ഉത്തരവിറക്കിയെങ്കിലും നടപടികൾ നീണ്ടുപോയിരുന്നു. ഇപ്പോൾ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.

നാട്ടുകാരനായ എ.സി. മൊയ്തീൻ ടൂറിസം വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് സംഗീതജലധാര അടക്കമുള്ള പ്രവൃത്തികൾ പ്രഖ്യാപിച്ചത്. ജലസേചന വകുപ്പിന്റെ സ്ഥലത്ത് ടൂറിസം വകുപ്പ് നിർമ്മാണം ഏറ്റെടുക്കുന്നതിലെ സാങ്കേതികത്വമാണ് പല പദ്ധതികൾക്കും തടസം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ്, ജലസേചന വകുപ്പ് എന്നിവയുടെ സംയുക്ത യോഗം വിളിച്ചാണ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പ്രശ്നം പരിഹരിച്ചത്.

പൂൾ, കൺട്രോൾ റൂം നിർമ്മാണം, പ്ലംബിംഗ് - സിവിൽ പ്രവൃത്തികൾ, ഇലക്ട്രിഫിക്കേഷൻ, കമ്പ്യൂട്ടറൈസ്ഡ് മ്യൂസിക്കൽ ഫൗണ്ടൻ ഡിസൈൻ, സപ്ലൈ ഇൻസ്റ്റലേഷൻ ആൻഡ് ടെസ്റ്റിംഗ്, മൾട്ടി മീഡിയ ഷോ, ലേസർ ആൻഡ് വീഡിയോ പ്രൊജക്‌ഷൻ ഓൺ അക്വാ സ്‌ക്രീൻ എന്നിവ ഉൾപ്പെട്ട പദ്ധതിണ് ഇപ്പോൾ അംഗീകാരവും ഭരണാനുമതിയും ഒടുവിൽ ടെൻഡറും പൂർത്തിയായത്. ബംഗളൂരു ആസ്ഥാനമായ ഏജൻസിക്കാണ് ടെൻഡർ. പൂന്തോട്ടത്തിനുള്ളിലാകും പ്രവൃത്തികൾ നടക്കുക.

വാഴാനി പ്രകൃതിരമണീയതയുടെ നിറകുടം

പീച്ചി വാഴാനി വന്യജീവി സംരക്ഷണകേന്ദ്രത്തോട് ചുറ്റപ്പെട്ടു കിടക്കുന്നതാണ് വാഴാനി ഡാം. തെക്കുംകര പഞ്ചായത്തിലെ വാഴാനിയിൽ1957ൽ 105 ലക്ഷം രൂപ ചെലവഴിച്ച് മണ്ണുകൊണ്ടാണ് നിർമ്മിച്ചത്. 792.48 മീറ്റർ നീളമുള്ള ഡാമിന്റെ വിസ്തൃതി 255 ഹെക്ടറാണ്. 1962ലാണ് കമ്മിഷൻ ചെയ്തത്. 62.48 ആണ് ജലാശയത്തിന്റെ സംഭരണശേഷി.

വാഴാനി ഫെസ്റ്റ് ഇക്കുറിയില്ല

ഓണക്കാലത്ത് വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, തെക്കുംകര പഞ്ചായത്തും സംയുക്തമായി നടത്തുന്ന വാഴാനി ഫെസ്റ്റിന് ഇത്തവണ അനുമതിയില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ റദ്ദാക്കിയ സാഹചര്യത്തിലാണ് വാഴാനി ഫെസ്റ്റും അനിശ്ചിതത്വത്തിലായത്.