1

തൃശൂർ: തീരദേശമേഖലയിൽ വീണ്ടും അവയവ മാഫിയ പിടിമുറുക്കുന്നതായി ആക്ഷേപം. കൊടുങ്ങല്ലൂർ, കയ്പമംഗലം മേഖലയിലെ വിവിധ പഞ്ചായത്തുകളിലുള്ളവരാണ് ഇരകൾ. ബന്ധുക്കൾക്കെന്ന വ്യാജേനയാണ് കൈമാറ്റം.

വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ അവയവ കൈമാറ്റത്തെപ്പറ്റി പൊലീസ് അന്വേഷിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. വ്യക്തമായ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. അവയവ കച്ചവടം ലക്ഷ്യമിട്ട് ഇറാനിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് വലപ്പാട് താമസിച്ചിരുന്ന സാബിത്ത് അറസ്റ്റിലായതോടെ മുല്ലശ്ശേരി പഞ്ചായത്തിൽ മുമ്പ് നടന്ന അവയവ കച്ചവട വിവരങ്ങൾ പുറത്തുവന്നിരുന്നു. തുടർന്നുണ്ടായ പൊലീസ് അന്വഷണവും എങ്ങുമെത്തിയില്ല. ഇതിനിടെ ഏജന്റുമാരും അവയവദാതാക്കളും മുങ്ങി.

പൊലീസ് അന്വേഷണം മുൻപും ഉണ്ടായെങ്കിലും തെളിവില്ലാത്തതിനാൽ അവസാനിപ്പിക്കുകയായിരുന്നു. അവയവം നൽകിയിട്ടും വാഗ്ദാനം ചെയ്ത തുക ലഭിച്ചില്ലെന്ന പരാതി ശ്രീനാരായണപുരത്തെ പൊതുപ്രവർത്തകർക്ക് ലഭിച്ചു. ഇതോടെ കൈമാറ്റം ബന്ധുക്കൾക്കല്ലെന്ന് വ്യക്തമായി. കൈമാറ്റം നിയമവിരുദ്ധമായതിനാൽ രേഖാമൂലം പരാതി നൽകാൻ ഇരകൾ തയ്യാറല്ല. ശ്രീനാരായണപുരത്ത് ഒരു കൊല്ലത്തിനിടെ പത്തോളം പേർ അവയവ കൈമാറ്റം നടത്തിയിട്ടുണ്ടത്രെ. എടവിലങ്ങ്, എറിയാട് ഭാഗത്തുള്ളവരും ഇരകളായിട്ടുണ്ട്. സ്ത്രീകളാണ് അധികവും. സാമ്പത്തിക പരാധീനത മുതലെടുത്താണ് മാഫിയ കൊഴുക്കുന്നത്. ലക്ഷങ്ങൾ വാഗ്ദാനം ചെയ്താണ് വൃക്കയും കരളും ദാനം ചെയ്യുന്നതെങ്കിലും കിട്ടുന്നത് തുച്ഛം തുകയാകും.

വ്യാജ രേഖയ്ക്കും ഏജന്റുമാർ

സാക്ഷ്യപത്രത്തിന് എത്തുമ്പോൾ ബന്ധുക്കൾക്കാണ് കൈമാറുന്നതെന്ന് ആണയിടുമ്പോഴും പിന്നീട് പരാതിയുമായി എത്തുകയാണ്. എറണാകുളത്തെ ആശുപത്രികളിൽ എത്തിയാണ് കൂടുതലും കൈമാറ്റം. ഇതിനാവശ്യമായ മുപ്പതോളം രേഖകൾ തയ്യാറാക്കലാണ് ഏജന്റുമാരുടെ ജോലി. പലതും വ്യാജമായിരിക്കും. ഏജന്റുമാരിൽ സ്ത്രീകളുമുണ്ടെന്നാണ് വിവരം. നിയമവിരുദ്ധമായ കൈമാറ്റത്തിന് ആശുപത്രികളുടെ മൗനാനുവാദവുമുണ്ട്. വലിയ തുക അവർക്കും ലഭിക്കുന്നുവെന്നും ആക്ഷേപമുണ്ട്. ബോധവത്കരണത്തിലൂടെയും മറ്റും അനധികൃത അവയവ കൈമാറ്റം തടയണമെന്ന് ജനപ്രതിനിധികളും പൊതുപ്രവർത്തകരും ആവശ്യപ്പെടുന്നു.

പെരുകി വൃക്കരോഗികൾ

പ്രമേഹം ഉൾപ്പെടെ ജീവിതശൈലി രോഗങ്ങൾ പെരുകുന്നത് വൃക്കരോഗികൾ പെരുകാനിടയാക്കുന്നു. ലക്ഷത്തിൽ പതിനായിരം പേർ വരെ വൃക്കരോഗികളാകാം. അതിനാൽ വൃക്കയ്ക്കാണ് ഡിമാന്റ് കൂടുതൽ. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അവയവത്തിന് കാത്തിരിക്കേണ്ടിവരുന്നതും മാഫിയയ്ക്ക് തുണയാകുന്നു.