മാള : സ്വകാര്യ റോഡിൽ മാള പഞ്ചായത്ത് കട്ട വിരിച്ചതിനെതിരായ കേസിൽ തൊഴിലുറപ്പ് ഫണ്ടിൽ നിന്നും പണം എടുക്കരുതെന്നും പഞ്ചായത്ത് പണം കണ്ടെത്തി കരാറുകാരന് നൽകണമെന്നും ജില്ലാ ഓംബുഡ്‌സ്മാൻ. കട്ട വിരിക്കുന്നതിന് വേതനമായി നൽകിയ 3996 രൂപ ഉദ്യോഗസ്ഥർ 15 ദിവസത്തിനകം തിരിച്ചടയ്ക്കണമെന്നും ഓംബുഡ്‌സ്മാൻ വിധിച്ചു. മാള കിഴക്കനങ്ങാടി മാമ്പിള്ളി റോഡ് കട്ടവിരിക്കലിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് കണ്ടെത്തിയ ഓംബുഡ്‌സ്മാൻ റോഡ് തിരഞ്ഞെടുത്തപ്പോൾ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും പഞ്ചായത്തിന്റെ ആസ്തി രജിസ്റ്റർ പരിശോധിച്ചിരുന്നെങ്കിൽ തെറ്റ് സംഭവിക്കില്ലായിരുന്നെന്നും വിലയിരുത്തി.
പൊതുപ്രവർത്തകനായ ജോയ് മാതിരപ്പിള്ളി നൽകിയ പരാതിയിലാണ് ഓംബുഡ്‌സ്മാന്റെ വിധി. പരാതിയിൽ മൊഴിയെടുത്ത ശേഷം ഓംബുഡ്‌സ്മാൻ സ്ഥലം സന്ദർശിച്ചിരുന്നു. വാർഡ് മെമ്പർ പറഞ്ഞതനുസരിച്ചാണ് കട്ട വിരിച്ചതെന്ന് എൻജിനിയർ ഓംബുഡ്‌സ്മാന് മൊഴി നൽകിയിരുന്നു. പദ്ധതിക്ക് ചെലവഴിച്ച 4,51,398 രൂപയിൽ 3996 രൂപ മാത്രമാണ് തൊഴിലുറപ്പ് പദ്ധതി ഫണ്ടിൽ നിന്ന് ചെലവഴിച്ചിട്ടുള്ളൂവെന്നാണ് ഓംബുഡ്‌സ്മാൻ കണ്ടത്തിയത്.
ഓംബുഡ്സ്മാൻ വിധിക്കെതിരെ അപ്പീൽ പോകും. ആസ്തിയിലില്ലാത്ത വഴി കട്ട വിരിച്ചതടക്കമുള്ള മുൻ വർഷങ്ങളിലെ പദ്ധതികൾ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.
- ജോയ് മാതിരപ്പിള്ളി
(പരാതിക്കാരൻ)