news-photo-
ഗുരുവായൂർ ക്ഷേത്രം മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി കതിർക്കറ്റകൾക്ക് ലക്ഷ്മിപൂജ നടത്തുന്നു

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. രാവിലെ ശീവേലിക്ക് ശേഷം ആറോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. അവകാശികളായ മനയത്ത്, അഴീക്കൽ കുടുംബങ്ങളിലെ അംഗങ്ങൾ ചേർന്ന് കതിർക്കറ്റകൾ കിഴക്കേഗോപുര കവാടത്തിൽ അരിമാവണിഞ്ഞ് സമർപ്പിച്ചു.

ശാന്തിയേറ്റ കീഴ്ശാന്തി തേലമ്പറ്റ നാരായണൻ നമ്പൂതിരി കതിർക്കറ്റകളിൽ തീർത്ഥം തെളിച്ച് ശുദ്ധിവരുത്തി. ഉണങ്ങലരിയിട്ട ഓട്ടുരുളിയിൽ ആദ്യകതിർക്കറ്റകൾ വച്ച് ശാന്തിയേറ്റ കീഴ്ശാന്തി വേങ്ങേരി ചെറിയ കേശവൻ നമ്പൂതിരി തലയിലേന്തി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ഇദ്ദേഹത്തിനു പിറകിലായി 13 കീഴ്ശാന്തി ഇല്ലങ്ങളിലെ കീഴ്ശാന്തി നമ്പൂതിരിമാരും ബാക്കി കതിർക്കറ്റകളുമായി നീങ്ങി.

നിറയോ നിറ, ഇല്ലംനിറ, വല്ലംനിറ, വട്ടിനിറ, പത്തായം നിറ. നിറയോ നിറ.. എന്ന് ഉരുവിട്ട് കതിർക്കറ്റകൾ തലയിലേന്തി ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ച് കൊടിമരച്ചുവട്ടിൽ സമർപ്പിച്ചു. ആല്, മാവ്, പ്ലാവ്, അല്ലി, ഇല്ലി, ഒടിച്ചുകുത്തി, ദശപുഷ്പം തുടങ്ങിയ നിറക്കോപ്പുകൾ വച്ച് പൊൻനിറമുള്ള നെൽക്കതിരുകൾ മഹാവിഷ്ണുവിന്റെ മടിയിലിരിക്കുന്ന ലക്ഷ്മീദേവിയായി സങ്കൽപ്പിച്ച് മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി സർവൈശ്വര്യ പൂജയും ലക്ഷ്മീ പൂജയും നടത്തി.

തുടർന്ന് ചൈതന്യവത്തായ കതിരുകളിൽ ഒരു പിടി പട്ടിൽ പൊതിഞ്ഞ് ഗുരുവായൂരപ്പന്റെ പാദങ്ങളിൽ സമർപ്പിച്ച് ശ്രീലകത്ത് ചാർത്തിയതോടെ ഇല്ലംനിറ ചടങ്ങ് സമാപിച്ചു. പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി ഈ മാസം 28ന് നടക്കും.