ചാലക്കുടി: കൊരട്ടി മൂന്നിടങ്ങളിലെ മേൽപ്പാല,അടിപ്പാത നിർമ്മാണത്തിൽ ജനങ്ങൾ ആശങ്കയിൽ. സർവീസ് റോഡുകൾ, കാനകൾ എന്നിവയുടെ ലക്ഷ്യബോധമില്ലാത്ത നിർമ്മാണമാണ് ആശങ്ക സൃഷ്ടിക്കുന്നത്. അപകടങ്ങളും മരണങ്ങളും ഇല്ലാതാക്കുന്നതിന് ദേശീയ പാതയിലെ അഞ്ച് കിലോ മീറ്ററിനിടിയിൽ എല്ലാ സിഗ്‌നൽ ജംഗ്ഷനുകളിലും അടിപ്പാത നിർമ്മിക്കാൻ എൻ.എച്ച്.ഐ.എ തീരുമാനിച്ചതാണ് കൊരട്ടിയിലെ മൂന്നിടത്ത് ഇവയ്ക്ക് കളമൊരുങ്ങിയത്. അടിപ്പാതകൾ നിർമ്മിക്കുന്ന ഭാഗങ്ങളിൽ മാത്രം സർവീസ് റോഡുകളും കാനകളും നിർമ്മിക്കുകയാണ് ദേശീയപാത അധികൃതർ. ഇടയ്ക്ക് മാത്രമായി ഒതുങ്ങുന്ന സർവീസ് റോഡുകൾ അപകടങ്ങൾക്ക് കാരണമാകുമെന്നും അപൂർണമായ കാനകൾ വെള്ളക്കെട്ട് വർദ്ധിപ്പിക്കുമെന്നും നാട്ടുകാർ ആരോപിക്കുന്നു.മുരിങ്ങൂരിൽ, ചിറങ്ങര എന്നിവിടങ്ങളിൽ ലൈറ്റ് വെഹിക്യുലാർ അണ്ടർപാസേജും കൊരട്ടിയിൽ 60 മീറ്റർ നീളത്തിൽ മേൽപ്പാല(ഹെവി വെഹിക്കിൾ പാസേജ്)വും നിർമ്മിക്കാനാണ് തീരുമാനം. കൊരട്ടി ജംഗ്ഷനിൽ നേരത്തെ അടിപ്പാതയുടെ രൂപരേഖ ആയിരുന്നെങ്കിലും ജനവികാരത്തെ മാനിച്ച് മൂന്ന് സ്പാനുകളിലെ മേൽപ്പാലത്തിന് പിന്നീട് അനുമതി നൽകുകയായിരുന്നു.
വേണം ബദൽ റോഡും സംവിധാനവും
കൊരട്ടിയിൽ കിഴക്ക് ഭാഗത്തെ കേന്ദ്ര സർക്കാർ അച്ചുകൂടം വരെയാണ് ഇപ്പോൾ സർവീസ് റോഡും ഡ്രൈനേജും നിർമ്മിക്കുന്നത്. ഇത് ലെത്തീൻ പള്ളി വരെ നീട്ടടണമെന്ന് നാട്ടുകാർ പറയുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ പടിഞ്ഞാറെ ഭാഗത്ത് റെയിൽവേ ഗേറ്റ് റോഡ് വരെ ബദൽ റോഡും സംവിധാനവും ആവശ്യമാണ്. മുരിങ്ങൂരും ചിറങ്ങര ജംഗ്ഷനും ഇതെ അവസ്ഥയിലാണ്. നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ റെയിവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ്് മുട്ടുന്നത് അടിപ്പാതയുടെ സമീപത്താണ്. നേരത്തെ തയ്യാറാക്കിയ ഡിസൈനായതിനാൽ ഇതിന് ബദൽ സംവിധാനം വേണ്ടിവരും. ഇവിടുത്തെ അപാകത പരിഹരിക്കണമെന്ന് ദേശീയ പാത അധികൃതരോട് ആവശ്യപ്പെട്ടുവെന്ന് എം.എൽ.എ സനീഷ്‌കുമാർ ജോസഫും അറിയിച്ചു.
മേൽപ്പാലവും അടിപ്പാതകളും യാഥാർത്ഥ്യമാകുമ്പോൾ മറ്റൊരു ദുരിതത്തിന് ഇടയാക്കും. നിർമ്മാണ കാലയളവിൽ വാഹനങ്ങളെ കടത്തിവിടാൻ മാത്രമാണ് തട്ടിക്കൂട്ടിയുള്ള സർവീസ് റോഡുകളുടെ നിർമ്മാണം. ചാലക്കുടി എം.പി, എം.എൽ.എ എന്നിവരുടെ ഇടപെടൽ അടിയന്തിരമായി വേണം.
അഡ്വ. കെ.ആർ.സുമേഷ്,
സ്ഥിരം സമിതി അദ്ധ്യക്ഷൻ കൊരട്ടി പഞ്ചായത്ത്.
ദേശീയ പാത നാലുവരിയാക്കിയ കാലഘട്ടത്തിലെ ജനപ്രതിനിധികൾ സമാന്തര റോഡുകളുടെ പൂർത്തീകരണത്തിന് മുതിർന്നില്ല. ഇപ്പോഴത്തെ എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ഇവ നീട്ടുന്നത് ശ്രമങ്ങൾ നടത്തുന്നുണ്ട്.
-സനീഷ്‌കുമാർ ജോസഫ് എം.എൽ.എ