അത്താണി: നാടക - സിനിമാ പ്രവർത്തകനായിരുന്ന രാജീവ് വിജയന്റെ സ്മരണയ്ക്ക് പാർളിക്കാട് ഗവ. യു.പി സ്‌കൂളിൽ നാടക സംഘം. രാജീവം അനുസ്മരണം കുട്ടികളുടെ സ്ഥിരം നാടകവേദിക്ക് രൂപം നൽകി. നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും, കുട്ടികൾക്കുള്ള നാടക ശിൽപ്പശാലകൾ സംഘടിപ്പിക്കുകയും ചെയ്ത രാജീവൻ അട്ടപ്പാടിയിൽ ശങ്കർ വെങ്കിടേശ്വരൻ നിർമ്മിച്ച സഹ്യന്റെ തിയറ്ററിനും അട്ടപ്പാടിയിലെ ആദിവാസികളെ ഉൾപ്പെടുത്തി രൂപപ്പെടുത്തിയ നാടകങ്ങളുടെയും സംഘാടകനായിരുന്നു.

അന്താരാഷ്ട്ര തിയറ്റർ ഫെസ്റ്റിവൽ ഒഫ് കേരളയുടെ സംഘാടനത്തിൽ പ്രധാനിയായിരുന്നു. പ്രിയനന്ദനൻ, അനിൽ സി. മേനോൻ, രൂപേഷ് പോൾ, സിദ്ധാർത്ഥ് ഭരതൻ, സുനിൽ കാര്യാട്ടുകര തുടങ്ങിയവരുടെ സിനിമകളിൽ സംവിധാന സഹായിയായിരുന്നു. രാജീവ് സ്മരണയ്ക്കായി സംഘടിപ്പിച്ച ശിൽപ്പശാല വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ. അനൂപ് കിഷോർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ധന്യ നിധിൻ അദ്ധ്യക്ഷയായി.

കെ.വി. വൈശാഖിന്റെ നേതൃത്വത്തിൽ അഞ്ചുദിവസമായി സ്‌കൂളിൽ നടന്ന തിയറ്റർ ശിൽപ്പശാലയിൽ നിന്ന് രൂപപ്പെടുത്തിയ തുപ്പേട്ടന്റെ ഡബിൾ ആക്ട് എന്ന നാടകാവതരണം നടന്നു. മനു ജോസ് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. നാടകനടനും, സംവിധായകനുമായ മാർട്ടിൻ ഊരാളി കുട്ടികളോട് സംവദിച്ചു. അഭീഷ് ശശിധരൻ, നിധി എസ്. ശാസ്ത്രി, ഷിനിൽ വടകര, റെജി പ്രസാദ്, എമിൽ മാധവി, ബിരേഷ് കൃഷ്ണൻ, ശിവപ്രസാദ്, മനു എസ്. പ്ലാവില, രാഹുൽ ശ്രീനിവാസൻ, നേതൃത്വം നൽകി. ഇ.എസ് സുബീഷായിരുന്നു കോ- ഓർഡിനേറ്റർ.