കാർബൺ ഇല്ലാത്ത മണ്ണും വായുവും എന്നത് സുന്ദരമായ സ്വപ്നമാണ്. അഞ്ചോ പത്തോ വർഷം കൊണ്ട് സാദ്ധ്യമാകുന്ന ഒന്നല്ല ഈ ലക്ഷ്യമെങ്കിലും കാർബൺ രഹിത ഭൂമിയ്ക്കായി നടത്തുന്ന ശ്രമങ്ങളെല്ലാം ശ്രദ്ധേയങ്ങളാണ്. കാർബണില്ലാത്ത കേരളം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയ നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതി പല ജില്ലകളിലും ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്.
തൃശൂരിലെ അഞ്ച് പഞ്ചായത്തുകളിലും മാറ്റങ്ങൾ കണ്ടതോടെ പദ്ധതിയിൽ ഉൾപ്പെടാൻ കൂടുതൽ തദ്ദേശസ്ഥാപനങ്ങളും ഒരുങ്ങുകയാണ്.
ഒന്നരവർഷമായി തുടങ്ങിയ പദ്ധതി വഴി കാർബൺ പുറന്തള്ളൽ, കാർബൺ ഫുട്പ്രിന്റ് എന്നിവയുടെ അളവ് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. അത് പൂർത്തിയാകുന്നതോടെ കൂടുതൽ പഞ്ചായത്തുകളെ പദ്ധതിയിൽ ഉൾപ്പെടുത്താനാകും. ഊർജ്ജ സംരക്ഷണം ലക്ഷ്യമിട്ട് അനർട്ട് പി.എം.കുസും യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക വൈദ്യുത കണക്ഷനുള്ള കർഷകർക്ക് കാർഷിക മോട്ടോർ പമ്പുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്ന പദ്ധതിയാണ് 'നെറ്റ് സീറോ കാർബൺ ' പദ്ധതി വഴി ഇനി നടത്തുന്നത്. കാർഷികസമൃദ്ധി ഉറപ്പാക്കാനായി പച്ചക്കറിക്കൃഷിയും ഉറപ്പാക്കിയിരുന്നു. ഇതെല്ലാം ജനങ്ങളിൽ സ്വീകാര്യത ഉണ്ടാക്കിയതോടെയാണ് തദ്ദേശസ്ഥാപനങ്ങൾ പദ്ധതിയിലേക്ക് ആകൃഷ്ടരായത്.
തരിശുരഹിത പഞ്ചായത്താക്കി കാർഷിക അഭിവൃദ്ധിയുണ്ടാക്കുക എന്നതായിരുന്നു ഒരു ലക്ഷ്യം. മാലിന്യസംസ്‌കരണം ശാസ്ത്രീയമായി നടപ്പാക്കി ശുചിത്വവത്കരണവും ഉപയോഗശൂന്യമായ തോടും കുളങ്ങളും നവീകരിക്കലും പൂർത്തിയായതോടെ മാറ്റങ്ങൾ ദൃശ്യമായി. വിദ്യാലയങ്ങളിൽ സോളാർ ഉപയോഗത്തെക്കുറിച്ച് ബോധവത്കരണവും അംഗൻവാടികളിൽ സോളാർ ഉപകരണങ്ങൾ സ്ഥാപിച്ച് ഊർജ്ജസംരക്ഷണവും ഉറപ്പാക്കി.
എന്താണ് നെറ്റ് സീറോ?
ഹരിതഗൃഹ വാതകങ്ങളായ കാർബൺ ഡൈ ഓക്‌സൈഡ്, മീഥെയിൻ, നൈട്രസ് ഓക്‌സൈഡ് എന്നിവയുടെ അമിതമായ പുറന്തള്ളലാണ് ആഗോളതാപനം വർദ്ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇതിൽ ഏറ്റവും അപകടകാരി കാർബൺ ഡൈ ഓക്‌സൈഡാണ്. ആഗോള താപനം കുറയ്ക്കാനായി നെറ്റ് സീറോ എന്ന ആശയം വർഷങ്ങൾ മുമ്പ് അംഗീകരിക്കപ്പെട്ടതാണ്.
ലക്ഷ്യത്തിലെത്താൻ
കാലതാമസം
കാർബൺഡൈ ഓക്‌സൈഡ്, മീഥെയിൻ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്ന രീതിയിലേക്ക് പരിമിതിപ്പെടുത്തുകയാണ് ലക്ഷ്യം. വർഷങ്ങൾ നീണ്ട പ്രക്രിയയാണിത്. നിശ്ചിതപ്രദേശത്ത് എത്രത്തോളം ഹരിതഗൃഹ വാതകങ്ങളുണ്ട് എന്ന് കണക്കാക്കുകയാണ് പ്രാഥമികമായി ചെയ്തത്. മാലിന്യസംസ്‌കരണം, കൃഷി, ജലസംരക്ഷണം, വൃക്ഷവത്ക്കരണം, ഊർജസംരക്ഷണം, ഗതാഗതം തുടങ്ങിയ മേഖലകളിലെ ഇടപെടലിലൂടെയാണ് പദ്ധതി സാദ്ധ്യമാക്കുന്നത്. വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ഫണ്ട് വിനിയോഗം സാദ്ധ്യമാകുന്നത്.
വരന്തരപ്പിള്ളി, വല്ലച്ചിറ, മാടക്കത്തറ, കുഴൂർ, കൊണ്ടാഴി എന്നീ പഞ്ചായത്തുകളിലാണ് തൃശൂരിൽ പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടം വിജയകരമായി അഞ്ച് പഞ്ചായത്തിലും നടപ്പാക്കാനായെന്നും ദീർഘകാലം കൊണ്ടു മാത്രമേ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയൂവെന്നും ഹരിതകേരളം മിഷൻ ജില്ല കോ ഓർഡിനേറ്റർ സി.ദിദിക പറയുന്നു.
വഴികൾ പലത്
വ്യവസായം, ഊർജ്ജം, കൃഷി, മാലിന്യം തുടങ്ങിയ മേഖലയിൽ നിന്നുള്ള വിവരശേഖരണമാണ് മുഖ്യം. വാഹനങ്ങളുടെ എണ്ണം, ഇന്ധന ഉപയോഗം, വൈദ്യുതി ബില്ല് തുടങ്ങിയ നിരവധി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മരങ്ങളുടെ വണ്ണവും ഉയരവും കണക്കാക്കി കാർബൺ സംഭരണം കണ്ടെത്തുകയും മണ്ണിലുള്ളത് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
ഈ വർഷം ഡിസംബർ 31നകം തൃശൂർ ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും ഹരിത ഓഫീസുകളാക്കി മാറ്റാനായി നിയന്ത്രണങ്ങൾ കടുപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സർക്കാർ ഓഫീസുകളുടെയും, ക്വാർട്ടേഴ്‌സുകളുടെയും പരിസരം ഉൾപ്പെടെ മാലിന്യമുക്തമായില്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരും.
അടുത്ത വർഷം മാർച്ച് 31നകം സംസ്ഥാനം മാലിന്യമുക്തമാക്കാൻ സംസ്ഥാന സർക്കാരിനൊപ്പം എല്ലാ സ്ഥാപനങ്ങളും പങ്കാളികളാകണമെന്ന് ഹരിതകേരളം മിഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 16 ബ്ലോക്കുകളിൽ ഹരിതകേരളം മിഷനുളള റിസോഴ്‌സ് പേഴ്‌സന്റെ നേതൃത്വത്തിലാണ് സർക്കാർ ഓഫീസുകൾ പരിശോധിക്കുക.
എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ മാത്രമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഊർജ സംരക്ഷണവും ഉറപ്പാക്കണം. അനാവശ്യമായി വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും ജലം പാഴാകാനിടയാക്കുന്ന പൊട്ടിയ ടാപ്പുകളും മറ്റും മാറ്റണമെന്നും നിർദ്ദേശമുണ്ട്. വിവിധ വകുപ്പുകളുടെ മേധാവികളുടെ യോഗം കഴിഞ്ഞമാസം ചേർന്നിരുന്നു.
എന്താണ് ഗ്രീൻ പ്രോട്ടോക്കോൾ, സർക്കാർ ഓഫീസുകളിൽ ഉണ്ടാകുന്ന മാലിന്യം എന്തൊക്കെ, സർക്കാർ ഓഫീസുകൾ എങ്ങനെ മാലിന്യ മുക്തമാക്കാം എന്നീ വിഷയങ്ങളിൽ ക്ലാസും എടുത്തിരുന്നു.
ഓണത്തിന് ഡിസ്‌പോസിബിൾ വേണ്ട
ഓണാഘോഷ പരിപാടികളിൽ ഒരു സർക്കാർ ഓഫീസുകളിലും ഡിസ്‌പോസിബിൾ പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന നിർദ്ദേശമുണ്ട്. പകരം വീണ്ടും ഉപയോഗിക്കാനാവുന്ന സ്റ്റീൽ, ചില്ല് പാത്രങ്ങൾ ഉപയോഗിക്കണം. ഓരോ ജീവനക്കാരനും പ്രത്യേക ഗ്ലാസ്, പാത്രം എന്നിവ നീക്കിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ജൈവമാലിന്യം വളമോ പാചക ഇന്ധനമോ ആക്കിയും അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് കൈമാറിയും മാലിന്യത്തിന്റെ അളവ് കുറച്ച് ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്നാണ് നിബന്ധന. പേപ്പറിലും പ്ലാസ്റ്റിക്കിലും തെർമോക്കോളിലും നിർമ്മിച്ച എല്ലാ ഡിസ്‌പോസിബിൾ വസ്തുക്കളുടെയും ഉപയോഗം പൂർണമായും ഒഴിവാക്കി വേണം ഇത് സാദ്ധ്യമാക്കാനെന്നും നിർദ്ദേശമുണ്ട്. മാലിന്യങ്ങൾ പരമാവധി കുറയ്ക്കണം, ജെെവമാലിന്യങ്ങൾ നീക്കം ചെയ്യണം, പ്ളാസ്റ്റിക്കുകൾ ഹരിതകർമ്മസേനയ്ക്ക് നൽകണം, പരിസരങ്ങളിൽ ചെടികൾ നട്ട് ഹരിതാഭമാക്കണം എന്നീ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ഹരിതകർമസേനയ്ക്ക് യൂസർ ഫീ നൽകി അജൈവ പാഴ്‌വസ്തുക്കൾ കൈമാറണമെന്നും ഓഫീസുകളിൽ എല്ലാ മാസവും ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ സർക്കാർ ഓഫീസുകളിലും പരിശോധന നടത്താനാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ തിരുത്തേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കും. തുടർപരിശോധനകളുമുണ്ടാകും. മാലിന്യ സംസ്‌കരണത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ മാത്രം എ ഗ്രേഡ് നൽകും. അതെ, ചില കർശന നടപടികളിലൂടെ മാത്രമേ ആ വലിയ ലക്ഷ്യം സഫലമാക്കാൻ കഴിയൂ....