തൃശൂർ: രോഗനിർണയം, ചികിത്സ, ഗവേഷണം എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന ജീനോമിക്‌സ്, പ്രോട്ടിയോമിക്‌സ്, ബയോ ഇൻഫർമാറ്റിക്‌സ് വിദഗ്ദ്ധരുടെ സംഗമം 23, 24 തീയതികളിൽ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കും. ജനിതക ഘടകങ്ങളുടെ വ്യതിയാനങ്ങൾക്ക് അനുസരിച്ച് ചികിത്സ ക്രമീകരിക്കുന്ന ആധുനിക രീതി പ്രചാരം നേടാനിരിക്കെയാണ് കോൺഫറൻസ്. നൂറോളം സ്ഥാപങ്ങളിൽ നിന്ന് ഇരുന്നൂറ്റമ്പതിലേറെ പ്രതിനിധികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 21 പ്രമുഖ ശാസ്ത്രജ്ഞരും മെഡിക്കൽ വിദഗ്ദ്ധരും പ്രഭാഷണം നടത്തും. 104 പേർ ഗവേഷണ പ്രബന്ധം അവതരിപ്പിക്കും. 23 ന് രാവിലെ ഒമ്പതിന് പ്രഭാഷണമാരംഭിക്കും. 11.30ന് തിരുവനന്തപുരം ഐ.ഐ.എസ്.ഇ.ആർ ഡയറക്ടർ ഡോ.ജെ.എൻ.മൂർത്തി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആയുഷ് മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ശ്രീകാന്ത് നാരായണം മുഖ്യാതിഥിയാകും. 24ന് വൈകിട്ട് നാലിന് സമാപന യോഗത്തിൽ കേന്ദ്ര മെഡിക്കൽ പി.ജി പരീക്ഷാ ബോർഡ് ചെയർമാൻ ഡോ.അഭിജിത് സേത്ത് മുഖ്യാതിഥിയാകും. സെന്റർ ഒഫ് എക്‌സലൻസ് ഇൻ ന്യൂട്രസ്യൂട്ടിക്കൽസിന്റെ ചീഫ് സയന്റിസ്റ്റ് ഡോ.റൂബി ജോൺ പങ്കെടുക്കുമെന്ന് ഡയറക്ടർ ഫാ.റെന്നി മുണ്ടൻകുരിയൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ.ബെന്നി ജോസഫ് നീലങ്കാവിൽ, അസി. ഡയറക്ടർ ഫാ.പോൾ ചാലിശേരി, ഡയറക്ടർ ഒഫ് റിസേർച്ച് ഡോ.ഡി.എം.വാസുദേവൻ, ഡോ.പി.ആർ.വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.