1

വടക്കാഞ്ചേരി : നിയമക്കുരുക്കിൽ നിശബ്ദമായി പൊലിയുന്ന ഉത്സവപ്രേമികളുടെ വെടിക്കെട്ട് സ്വപ്നങ്ങൾക്ക് പരിഹാരമായി നിർദ്ദേശിച്ച ഫയർപാർക്ക് ഏഴാം വർഷവും കടലാസിൽ. 2017 ൽ മന്ത്രിയായിരുന്ന എ.സി.മൊയ്തീനാണ് പദ്ധതി നടപ്പാക്കാൻ പ്രാരംഭ നടപടികൾക്ക് തുടക്കമിട്ടത്. ഇതിനായി കുന്നംകുളം മണ്ഡലത്തിലെ എരുമപ്പെട്ടി കുണ്ടന്നൂരിൽ വ്യവസായ വകുപ്പ് 17 ഏക്കർ സ്ഥലം ഏറ്റെടുത്തു. പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്‌റ്റി ഓർഗനൈസേഷന്റെ (പെസോ) കേരളത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കൺട്രോളർ ഒഫ് എക്‌സ്‌പ്ലോസീവ് വേണുഗോപാൽ, എ.സി.മൊയ്തീനുമായി ചർച്ചയും നടത്തി. പക്ഷേ പാർക്കിനായി മുൻ കളക്ടർ കൗശിഗൻ മുൻകൈയെടുത്ത് തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ (കെ.എസ്.ഐ.ഡി.സി) വിശ്രമത്തിലാണ്. സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതാണ് പദ്ധതിയെന്ന് വിലയിരുത്തിയാണ് കോർപ്പറേഷൻ പദ്ധതി തടഞ്ഞത്.

ലൈസൻസികൾക്ക് സുരക്ഷിതമായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കാൻ സൗകര്യമൊരുക്കുന്നതായിരുന്നു പദ്ധതി. വാടക നൽകിയാൽ പാർക്കിൽ അടിസ്ഥാന സൗകര്യം ലഭിക്കും. പെസോ മാനദണ്ഡം അനുസരിച്ച് വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കാം. ഗുണനിലവാര പരിശോധനയ്ക്ക് ലാബും സജ്ജമാക്കാം. ഇപ്പോൾ ലൈസൻസികൾക്ക് 15 കിലോ വെടിമരുന്ന് കൊണ്ടുള്ള നിർമ്മാണമേ അനുവദിക്കൂ. അമിട്ട്, ഗുണ്ട്, കുഴിമിന്നൽ എന്നിവ നിർമ്മിക്കാനും അനുമതിയില്ല. പാർക്ക് യാഥാർത്ഥ്യമായാൽ പ്രതിദിനം 1500 കിലോ വെടിമരുന്ന് ഉപയോഗിക്കാം. ലൈസൻസികൾക്ക് നിയമതടസങ്ങൾക്കും ഏറെക്കുറെ പരിഹാരമായേനെ.

പ്രതീക്ഷയ്ക്ക് വക നൽകി ഇടപെടൽ

എ.സി.മൊയ്തീൻ എം.എൽ.എ പ്രശ്‌നത്തിൽ വീണ്ടും ഇടപെട്ട് വ്യവസായമന്ത്രി രാജീവിനെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ് തുടർനടപടികൾ.

ഉപയോഗിക്കാം 1500 കിലോ വെടിമരുന്ന്

പെസോ മാനദണ്ഡം അനുസരിച്ച് വെടിക്കെട്ട് സാമഗ്രി നിർമ്മിക്കാം

വ്യവസായ വകുപ്പിന് വാടക നൽകിയാൽ ലൈസൻസികൾക്ക് അടിസ്ഥാന സൗകര്യം

ഗുണനിലവാര പരിശോധനയ്ക്ക് ലാബ്

ദിവസവും 1500 കിലോ വെടിമരുന്ന് വരെ ഉപയോഗിക്കാം

പാർക്ക് യാഥാർത്ഥ്യമാക്കണം

ശിവകാശിയിൽ പ്രതിവർഷം 800 കോടിയുടെ പടക്ക വ്യാപാരം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പാർക്ക് യാഥാർത്ഥ്യമായാൽ അതിലേറെ വരുമാനം ലഭിക്കും. തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിൽ ഒട്ടേറെ ലൈസൻസികളുടെ കീഴിൽ നൂറുകണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവരുടെ ജോലി സുരക്ഷിതത്വവും ഉറപ്പാക്കാം.

എ.കെ.സതീഷ്‌കുമാർ

ഉത്രാളിപൂരം മുൻ ചീഫ് കോഡിനേറ്റർ