തൃശൂർ : വയനാട് ദുരന്തത്തിൽ ഇരയായവരുടെ കുടുംബത്തിന് കൈത്താങ്ങായി ജില്ലയിൽ സ്വകാര്യ ബസുടമകൾ കാരുണ്യയാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22ന് അസോസിയേഷനിൽ അംഗങ്ങളായ 550 ഓളം ബസുകൾ കാരുണ്യയാത്രയിൽ പങ്കാളികളാകും. ടിക്കറ്റ് ഒഴിവാക്കി ബക്കറ്റ് പിരിവ് നടത്തും.
ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവും കഴിച്ചുള്ള തുക സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. സംസ്ഥാന വ്യാപകമായി നടത്തുന്ന കാരുണ്യയാത്രയിൽ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് സർക്കാരുമായി ആലോചിച്ച് വീടുകൾ നിർമ്മിച്ച് നൽകും. ജില്ലാ പ്രസിഡന്റ് എം.എസ്.പ്രേംകുമാർ, വൈസ് പ്രസിഡന്റ് കെ.എസ്.ഡൊമിനിക്, ജനറൽ സെക്രട്ടറി കെ.കെ.സേതുമാധവൻ , പി.ജി.രാധാകൃഷ്ണൻ, സി.എ.ജോയി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.