തൃശൂർ: കഥാകാരൻ സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പതിനഞ്ചാമത് അയനം സി.വി.ശ്രീരാമൻ കഥാപുരസ്‌കാരത്തിന് ഷനോജ് ആർ.ചന്ദ്രന്റെ 'കാലൊടിഞ്ഞ പുണ്യാളൻ' എന്ന പുസ്തകം അർഹമായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇ.സന്തോഷ് കുമാർ ചെയർമാനും സി.എസ്.ചന്ദ്രിക, വി.കെ.കെ രമേഷ്, ഡോ.രോഷ്‌നി സ്വപ്‌ന എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്. 30ന് വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാഡമിയിൽ മന്ത്രി കെ.രാജൻ പുരസ്‌കാരം സമർപ്പിക്കും. വാർത്താ സമ്മേളനത്തിൽ ഇ.സന്തോഷ് കുമാർ, സി.എസ്.ചന്ദ്രിക, വിജേഷ് എടക്കുന്നി, പി.വി.ഉണ്ണികൃഷ്ണൻ, ഹാരീഷ് റോക്കി എന്നിവർ പങ്കെടുത്തു.