കൊടുങ്ങല്ലൂർ : ഏങ്ങണ്ടിയൂർ മുതൽ എസ്.എൻ പുരം വരെയുള്ള പത്തു പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വെള്ളാനിയിലെ ജല ശുദ്ധീകരണ ശാലയുടെ സംഭരണശേഷി കൂട്ടേണ്ടതുണ്ടെന്ന് ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. ഇതിനായി പഴയ പൈപ്പുകൾ മാറ്റുകയും കിഫ്ബിയിലൂടെയുള്ള 57 കോടിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതുമുണ്ട്. ജലജീവൻ ഫണ്ട് മുഖേന നാട്ടിക ഫർക്കയിലെ പഞ്ചായത്തുകളിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണം വേഗത്തിലാക്കേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ദേശീയപാത വീതി കൂട്ടുന്നതിനിടെ എസ്.എൻ പുരം അടക്കമുള്ള നാല് സമീപ പഞ്ചായത്തുകളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടിയതായും ഇതുമൂലമാണ് പലയിടത്തും വെള്ളം കിട്ടാത്ത സ്ഥിതിയുണ്ടായതെന്നും കഴിഞ്ഞ മാസം ജല അതോറിറ്റി ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ജല ജീവൻ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന 124 കോടി രൂപയുടെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ടിലാണ് ജല അതോറിറ്റി ഇക്കാര്യം കോടതിയെ ധരിപ്പിച്ചത്. കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ച് എസ്.എൻ പുരം പഞ്ചായത്ത് ആല ഗോതുരുത്തിൽ ലോറിയിൽ കുടിവെള്ളം എത്തിച്ചിരുന്നു. നാട്ടിക ഫർക്കയിലെ പത്തു പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പി.എ. സീതി, ധർമരാജൻ എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്. അഡ്വ. ഷാനവാസ് കാട്ടകത്ത് ഹാജരായി.
റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് കോടതി
പ്രശ്‌നത്തിന് പരിഹാരം കാണാൻ ജല ജീവൻ മിഷൻ, ദേശീയപാത അതോറിറ്റി, പഞ്ചായത്ത് എന്നിവയിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം വിളിക്കാനും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി ജല അതോറിറ്റി സെക്രട്ടറിയോട് നിർദ്ദേശിച്ചു. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി പരമാവധി നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന കാര്യത്തിൽ വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനം ഉണ്ടാകുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.