തൃശൂർ: കെ.എസ്.ഇ.ബിയിൽ കരാർ തൊഴിലാളികൾ ഉൾപ്പെടെ മൂന്നു മാസത്തിനിടെ മരിച്ചത് 10 ലൈൻ മാന്മാർ. ഇതിൽ ഏഴും ഷോക്കേറ്റ് മരണമാണ്. കഴിഞ്ഞ 12ന് കണ്ണൂർ കാക്കയങ്ങാട്ട് കാവുംപടിയിൽ സന്തോഷ് (50) ഷോക്കേറ്റ് മരിച്ചതാണ് സംസ്ഥാനത്ത് ഒടുവിൽനടന്ന സംഭവം. വൈദ്യുതി കണക്‌ഷനും ലൈനും കൂടുമ്പോഴും ആനുപാതികമായി ലൈൻ മാന്മാരില്ലാത്തതാണ് മുഖ്യ കാരണം.
പോസ്റ്റിൽനിന്ന് വീണും പോസ്റ്റ് തോളിലമർന്ന് പരിക്കേറ്റുമൊക്കെയാണ് മറ്റു മരണങ്ങൾ. മഴയിൽ വൈദ്യുതി പോസ്റ്റുകൾ വീണും സർവീസ് വയർ പൊട്ടിയും മറ്റും വൈദ്യുതി വിതരണം തടസപ്പെടുമ്പോഴും പ്രശ്‌നം പരിഹരിച്ചില്ല. വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകിയാൽ നാട്ടുകാരുടെ പഴി കേൾക്കണം. പലപ്പോഴും നൈറ്റ് ഡ്യൂട്ടിയുമുണ്ടാകും.
ഉറക്കമിളച്ചുള്ള ജോലി ശ്രദ്ധക്കുറവിനും അപകടം കൂട്ടാനുമിടയാക്കുന്നു. കോടതിവിധിയെ തുടർന്ന് 2019ൽ 1400ഓളം കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തിയിരുന്നു. ഇവരിൽ പലരും പിരിഞ്ഞുപോയിട്ടും പുനർനിയമനം ഉണ്ടായില്ല. നിലവിൽ എണ്ണൂറോളം സെക്‌ഷൻ ഓഫീസുകളിൽ ഭൂരിഭാഗത്തിലും താത്കാലികക്കാരാണ്. ഇവരുടെ നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുമുണ്ട്. വൈദ്യുതി പോസ്റ്റിൽ കയറാനാകാത്തവരും ആരോഗ്യപ്രശ്‌നമുള്ളവരും നിയമിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിയമനം എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയായിരുന്നെങ്കിൽ കാര്യപ്രാപ്തിയുള്ളവരെ ലഭിക്കുമായിരുന്നുവെന്നും അഭിപ്രായമുണ്ട്.
കുറവ് നാലു പേർ വരെ
രാവിലെ എട്ടു മുതൽ അഞ്ചു വരെയാണ് ലൈൻ മാന്റെ ഡ്യൂട്ടി. തുടർന്ന് മൂന്നു മണിക്കൂർ പീക്ക് അവർ ഡ്യൂട്ടിക്ക് രണ്ട് ലൈൻ മാനും ഓവർസിയറും സബ് എൻജിനിയറുമുണ്ടാകും. ഇതിനു പുറമെയാണ് മാറിമാറി നൈറ്റ് ഡ്യൂട്ടി. സബ് എൻജിനിയർ 24 മണിക്കൂറും ടെലിഫോണിൽ ലഭ്യമായിരിക്കണം. മുമ്പ് ഉപഭോക്താക്കളുടെ എണ്ണത്തിനനുസരിച്ചാണ് ലൈൻ മാനെ നിയമിച്ചിരുന്നത്. പിന്നീട് ഒരു സെക്‌ഷൻ ഓഫീസിൽ പരമാവധി 12 പേരാക്കി.
''ജോലി ഷിഫ്‌റ്റ് അടിസ്ഥാനത്തിലാക്കിയാൽ അപകടം കുറയ്ക്കാം. ഭൂരിഭാഗം സെക്‌ഷൻ ഓഫീസിലും നാല് ലൈൻ മാന്റെ വരെ കുറവുണ്ട്. പ്രശ്‌നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കണം.
പി.ജി.പ്രസാദ്
വക്താവ്, ഇലക്ട്രിസിറ്റി എക്‌സിക്യുട്ടീവ്
സ്റ്റാഫ് ഓർഗനൈസേഷൻ