കൊടുങ്ങല്ലൂർ : വർഷങ്ങളായുള്ള യാത്രാദുരിതത്തിന് വിരാമമിട്ട് ശ്രീനാരായണപുരം പഞ്ചായത്തിലെ മുവ്വപ്പാടം റോഡ് ടൈൽ വിരിച്ച് നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുനൽകി. ഉദ്ഘാടനത്തിനെത്തിയ ഇ.ടി. ടൈസൺ എം.എൽ.എയെയും മറ്റ് ജനപ്രതിനിധികളെയും പായസവും മധുര പലഹാരങ്ങളും നൽകിയാണ് വരവേറ്റത്. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അദ്ധ്യക്ഷനായി. മതിലകം ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗിരിജ മുഖ്യാതിഥിയായിരുന്നു. കെ.എ. അയൂബ്, ഷെറീന സഗീർ, കെ.എ. ബഷീർ തുടങ്ങിയവർ സംസാരിച്ചു.
തകർന്ന് കിടന്നത് എട്ടുവർഷത്തോളം
17-ാം വാർഡിനെയും 15നേയും ബന്ധിപ്പിക്കുന്ന റോഡ് എട്ട് വർഷത്തോളമായി തകർന്ന് തരിപ്പണമായ അവസ്ഥയിലായിരുന്നു. മഴക്കാലമായാൽ രൂക്ഷമായ വെള്ളക്കെട്ടും യാത്രയ്ക്ക് വിഘാതമായിരുന്നു. സ്‌കൂൾ വണ്ടികളോ ഓട്ടോകളോ പോലും ഈ ഭാഗത്തേക്ക് വരാൻ വിസമ്മതിക്കുന്ന അവസ്ഥയായിരുന്നു. റോഡിന്റെ ദുരവസ്ഥ മാറ്റണമെന്നുള്ളത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. ജനഹിതം മാനിച്ച് ഇ.ടി. ടൈസൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35, 40, 000 രൂപ വകയിരുത്തുകയും റോഡ് പൂർണമായും ടൈൽ വിരിച്ച് റോഡ് ഗതാഗതയോഗ്യമാക്കുകയുമായിരുന്നു. ഏറെ ആഹ്‌ളാദത്തോടെയാണ് നാട്ടുകാർ റോഡിന്റെ ഉദ്ഘാടന ചടങ്ങിനെ വരവേറ്റത്.