തൃശൂർ: പൊതുസ്ഥലങ്ങളിലും പി.ഡബ്‌ള്യു.ഡി റോഡിലും സൂക്ഷിക്കുന്ന തൊണ്ടി മുതൽ മാറ്റുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. ജില്ലയിലെ പൊലീസ് സ്റ്റേഷനിലും പൊതുറോഡിലും പാർക്ക് ചെയ്തിട്ടുള്ള തൊണ്ടി മുതലായ വാഹനങ്ങൾ അടിയന്തരമായി എ.ആർ ക്യാമ്പിലേക്ക് മാറ്റാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം കൊടുത്തതായി തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചതായി, ഈ ആവശ്യം ഉന്നയിച്ച് കത്തയച്ച കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി ജെ. കോടങ്കണ്ടത്ത് പറഞ്ഞു.
സ്റ്റേഷനിൽ കേസിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ തൊണ്ടി മുതലായി സ്റ്റേഷൻ പരിസരത്തെ റോഡുകളുടെ വശങ്ങളിലാണ് സൂക്ഷിക്കുന്നത്. തന്മൂലം പല റോഡിലും വാഹനഗതാഗതത്തെ ബാധിക്കുന്നു. വഴിയുടെ വശങ്ങളിലെ താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. റോഡ് സൈഡ് വാഹനങ്ങൾ പാർക്ക് ചെയ്യാനായി പൊലീസ് വകുപ്പ്, പൊതുമരാമത്ത് വകുപ്പിൽ നിന്നോ, പഞ്ചായത്തിൽ നിന്നോ യാതൊരു അനുമതിയും വാങ്ങിയിട്ടില്ല. ജില്ലയിലെ വാടാനപ്പിള്ളി, ചെറുതുരുത്തി, വടക്കാഞ്ചേരി, ടൗൺ വെസ്റ്റ് തുടങ്ങിയ പല സ്റ്റേഷനിലെയും തൊണ്ടി മുതലായ വാഹനങ്ങൾ റോഡിന്റെ സൈഡിൽ പാർക്ക് ചെയ്തിട്ടുണ്ട്. ഇത് എ.ആർ ക്യാമ്പിലേയ്‌ക്കോ, പൊലീസ് അക്കാഡമിയിലേയ്‌ക്കോ മാറ്റാനും കേരളത്തിലെ മറ്റ് ജില്ലകളിൽ ഓരോ സ്ഥലങ്ങൾ തൊണ്ടി മുതലായ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം കണ്ടെത്താനും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത് കത്തയച്ചിരുന്നു.