മുള്ളൂർക്കര: ആറ്റൂർ മനപ്പടിയിലെ റേഷൻ കട സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. വകുപ്പിന്റെ പൊതു മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനാലാണ് പൊലീസ് സാന്നിദ്ധ്യത്തിലെത്തി താഴിട്ടത്. അടഞ്ഞുകിടന്ന കടയുടെ പൂട്ട് പൊളിച്ച് അരിയും ഗോതമ്പും മറ്റു സാധനങ്ങളും നീക്കി. കഴിഞ്ഞ എട്ടിന് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അടയ്ക്കാനെത്തിയപ്പോൾ ഉടമയും നാട്ടുകാരും ചേർന്ന്‌ ചെറുത്തു.

നടപടിക്കെതിെരെ റേഷൻ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്തിമവിധി വരുന്നതിന് മുമ്പാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വ്യാപാരികളുടെ പക്ഷം. 2018ൽ റേഷൻ കടകൾക്ക് ഏകീകൃത മാനദണ്ഡം കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒരേ നിറവും, എംബ്ലവും പതിക്കണമെന്ന് നിർദ്ദേശിച്ച് ചെലവിനായി 2500 രൂപ നൽകി. എന്നാൽ തുക കൈപ്പറ്റിയിട്ടും ലൈസൻസി അബ്ദുൽ ഗഫൂർ നടപടി സ്വീകരിച്ചില്ലെന്നാണ് സപ്ലൈ ഓഫീസർ വ്യക്തമാക്കുന്നത്.

മുള്ളൂർക്കര വില്ലേജ് ഓഫീസർ എം. ഷൈലയുടെ സാന്നിദ്ധ്യത്തിലാണ് ജില്ലാ സപ്ലൈ ഓഫീസർ പി.ആർ ജയചന്ദ്രൻ റേഷൻകടയുടെ പൂട്ട് പൊളിച്ചു പരിശോധന നടത്തിയത്. തലപ്പിള്ളി സപ്ലൈ ഓഫീസർ മധുസൂദനൻ, ചെറുതുരുത്തി എസ്.ഐ ബദറുദ്ദീൻ, പൊലീസുകാരായ വിനീത് മോൻ, ഡിജോ വാഴപ്പള്ളി, ശ്രുതി എന്നിവരും ഒപ്പമുണ്ടായിരുന്നു.

മിന്നൽ സമരത്തിൽ ജനം വലഞ്ഞു

റേഷൻ കട അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മിന്നൽ സമരം നടത്തി. തലപ്പിള്ളി താലൂക്കിലെ 129 റേഷൻ കടകളിൽ സംഘടനയുടെ നേതൃത്വത്തിലുള്ള 97 കടകളും അടച്ചിട്ടു. ഇതോടെ റേഷൻ വാങ്ങാൻ എത്തിയവർ നിരാശരായി. ഇന്ന് ചതയ ദിനമായതിനാൽ കടകൾ മുടക്കമാണ്. നാളെ തുറക്കുന്ന കാര്യം മേൽകമ്മിറ്റിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ സേതുമാധവൻ, സെക്രട്ടറി കെ.പി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. അതിനിടെ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള 32 കടകൾ തുറന്നു പ്രവർത്തിച്ചിരുന്നത് ആശ്വാസമായി.

മാനദണ്ഡപ്രകാരം പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നു, അടുത്തിടെ കട പുതുക്കിപ്പണിതപ്പോൾ പെയിന്റും എംബ്ലവും നഷ്ടപ്പെട്ടതാണ്. പുനഃസ്ഥാപിക്കാൻ സമയം ചോദിച്ചെങ്കിലും നൽകിയില്ല. വ്യക്തിവൈരാഗ്യമാണ്‌ നടപടിക്ക് പിന്നിൽ.

- ഗഫൂർ, ലൈസൻസി

അടച്ച റേഷൻകടയുടെ പരിധിയിലെ കുടുംബങ്ങൾക്ക് മുള്ളൂർക്കര പഞ്ചായത്തിലെ ഏതു റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാം.

- പി.ആർ. ജയചന്ദ്രൻ, ജില്ലാ സപ്ലൈ ഓഫീസർ