cpm-central-committe

തൃശൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗം കർശന നടപടിക്ക് ശുപാർശ ചെയ്തു. ബാങ്ക് പ്രവർത്തിക്കുന്ന ഏരിയയിലെ സെക്രട്ടറി കെ.പി.പോളിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കാൻ നിർദ്ദേശിച്ചു. ഒല്ലൂർ ഏരിയയുടെ കീഴിലാണ് ബാങ്ക്. തട്ടിപ്പ് നടന്ന കാലഘട്ടത്തിലും ഇപ്പോഴും ഏരിയ സെക്രട്ടറിയാണ് പോൾ.

തട്ടിപ്പ് നടന്ന കാലത്ത് ബാങ്കിന്റെ പ്രസിഡന്റായിരുന്ന ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റിക്‌സൺ പ്രിൻസിനെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിവാക്കാനും ശുപാർശ ചെയ്തു. 22 ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാവും അന്തിമ തീരുമാന. സെക്രട്ടേറിയറ്റ് അംഗങ്ങളായ മറ്റ് എട്ട് പേർ യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ 32 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നത്. ഇത് കണ്ടെത്തിയതിനെ തുടർന്ന് സഹകരണ വകുപ്പ് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. വർഷങ്ങളായി സി.പി.എമ്മാണ് ഭരിച്ചിരുന്നത്. ജീവനക്കാരോടുള്ള ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന രണ്ട് ജീവനക്കാർ സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതിനിടെയാണ് തട്ടിപ്പ് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്ക് സ്തംഭനാവസ്ഥയിലാണ്.