തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയർ എം.കെ.വർഗീസിന്റെ ഡിവിഷനിലെ അങ്കണവാടിയിൽ നിന്ന് വിഷപ്പാമ്പിനെ പിടികൂടി. 16ാം ഡിവിഷൻ നെട്ടിശേരിയിലെ 44-ാം നമ്പർ അങ്കണവാടി കെട്ടിടത്തിനുള്ളിലെ അലമാരയ്ക്ക് സമീപത്ത് നിന്നാണ് ഇന്നലെ രാവിലെ പാമ്പിനെ നാട്ടുകാർ പിടികൂടിയത്. അങ്കണവാടിയിലേക്ക് കുട്ടികളെത്തി തുടങ്ങുന്ന സമയത്തായിരുന്നു പാമ്പിനെ കണ്ടത്. മുറി വൃത്തിയാക്കുന്നതിനിടെ അദ്ധ്യാപികയാണ് പാമ്പിനെ കണ്ടെത്തിയത്. സമീപത്തെ അങ്കണവാടികളിൽ നിന്നുള്ള അദ്ധ്യാപകരെത്തി ഉടനെ പരിസരം വൃത്തിയാക്കി. അങ്കണവാടി പരിസരം വൃത്തിരഹിതമാണെന്നും കോർപ്പറേഷൻ അധികൃതർ വൃത്തിയാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. പലരും കുട്ടികളെ മടക്കി കൊണ്ടുപോയി. പാമ്പിനെ വനം വകുപ്പിന് കൈമാറി.