തൃശൂർ: പുലികളി നടത്താൻ തടസമില്ലെന്നും കഴിഞ്ഞ വർഷം അനുവദിച്ച സഹായധനം അനുവദിക്കാമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചതായി സൂചന. ഇതുസംബന്ധിച്ച് മന്ത്രി എം.ബി.രാജേഷ് കോർപറേഷന് നിർദേശം നൽകിയതായാണ് വിവരം.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം റദ്ദാക്കിയുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് നാലോണനാളിൽ തൃശൂർ നഗരത്തിൽ നടക്കുന്ന പുലിക്കളി നടത്തേണ്ടതില്ലെന്ന് കോർപറേഷൻ തീരുമാനമെടുത്തിരുന്നു.
ഇതിനെതിരെ പുലിക്കളി സംഘങ്ങൾ സർക്കാരിനെ സമീപിച്ചതിനെ തുടർന്നാണ് അനുകൂല നടപടി. ഓണാഘോഷങ്ങൾ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താൻ കോർപറേഷനിൽ രജിസ്റ്റർ ചെയ്ത സംഘങ്ങളുടെ യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് പുലിക്കളി സംഘങ്ങൾ സംയുക്തമായി മേയർക്ക് നിവേദനം നൽകിയിരുന്നു. നിലവിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ സംഘാടകസമിതി യോഗംവിളിക്കാതെ പുലിക്കളി ഉപേക്ഷിച്ചത് പുനഃപരിശോധിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.