തൃശൂർ: പുറംനാടുകളിൽ പഠിക്കുന്ന മക്കൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്ന് വാട്‌സ് ആപ്പ് കാളിലൂടെ അറിയിച്ച് നാട്ടിലുള്ള രക്ഷിതാക്കളെ ഭയപ്പെടുത്തി പണം തട്ടാൻ പുതിയ തന്ത്രവുമായി ഓൺലൈൻ തട്ടിപ്പു സംഘം. മകൻ/മകൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്നും ലക്ഷങ്ങൾ തന്നാൽ കേസ് ഒതുക്കിതീർക്കാമെന്നും പറഞ്ഞാകും വിളിയെത്തുക. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതി വന്നതോടെ തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി.
മുംബയിൽ ബിരുദത്തിന് പഠിക്കുന്ന യുവാവിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റുചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യാൻ ഡൽഹിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞ് തൃശൂരിലെ മുത്തശ്ശിക്ക് ഈയിടെ വാട്‌സ് ആപ്പ് കാൾ വന്നു. പൊലീസെന്ന് പരിചയപ്പെടുത്തിയായിരുന്നു കാൾ. രണ്ടുലക്ഷം രൂപ നൽകിയാൽ വിടാമെന്ന് വാഗ്ദാനവും നൽകി.
പരിഭ്രാന്തരായ വീട്ടുകാർ നാട്ടുകാരനായ പൊലീസുദ്യോഗസ്ഥനോട് പറഞ്ഞപ്പോൾ പണം കൊടുക്കരുതെന്നും ഉടൻ യുവാവിനെ വിളിക്കാനും നിർദ്ദേശിച്ചു. വിളിച്ചപ്പോൾ യുവാവിന് കുഴപ്പമില്ലെന്നറിഞ്ഞു. തട്ടിപ്പുകാർ തുടർന്നും വിളിച്ചപ്പോൾ പൊലീസിൽ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞതോടെ കാൾ കട്ടായി.
പൊലീസ് യൂണിഫോമിട്ട് ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ വീഡിയോകാൾ ലഭിച്ച പാലക്കാട് ഒറ്റപ്പാലം സ്വദേശി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി. തുടർന്നുവന്ന വീഡിയോ കാളെടുത്തത് എസ്.ഐയായിരുന്നു. അതോടെ കാൾ കട്ട് ചെയ്ത് തട്ടിപ്പുകാർ തടിതപ്പി.
തട്ടിപ്പുകാരുടെ രീതി
വീഡിയോ കാളിലൂടെ പരമാവധി ഭയപ്പെടുത്തും
തുടർച്ചയായി വിളിച്ച് സമ്മർദ്ദത്തിലാക്കും
പൊലീസ് മുറയിൽ ചോദ്യം ചെയ്യും
വിട്ടയയ്ക്കാൻ വൻതുക ആവശ്യപ്പെടും
''തട്ടിപ്പിൽപെടാതിരിക്കാൻ ശ്രദ്ധിക്കണം. പണം നഷ്ടമായാൽ ഉടൻ 1930 എന്ന നമ്പറിൽ അറിയിക്കണം. ആദ്യത്തെ ഒരു മണിക്കൂറിനകം അറിയിച്ചാൽ പണമടച്ച അക്കൗണ്ട് മരവിപ്പിക്കുന്നത് എളുപ്പമാകും
-ടി.ഡി.ഫീസ്റ്റോ, എസ്.ഐ,
സൈബർ സെൽ, തൃശൂർ
സിനിമയില്ലെങ്കിൽ ചത്തുപോകും:
കേന്ദ്രമന്ത്രി സുരേഷ് ഗോപി
കൊച്ചി: 'സിനിമയില്ലെങ്കിൽ ഞാൻ ചത്തുപോകും. അതില്ലാതെ ജീവിതമില്ല." പറയുന്നത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്നലെ കൊച്ചിയിൽ കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സൂപ്പർ സ്റ്റാർ. സിനിമ തന്റെ പാഷനാണെന്നും സെപ്തംബർ ആറിന് 'ഒറ്റക്കൊമ്പൻ" സിനിമയിൽ അഭിനയിക്കാനായി കേരളത്തിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമ ചെയ്യാൻ അനുമതി ചോദിച്ചിട്ടുണ്ടെങ്കിലും കേന്ദ്രാനുമതി പൂർണമായും ഉറപ്പായിട്ടില്ല. എത്ര സിനിമ ചെയ്യാനുണ്ടെന്ന ചോദ്യത്തിന് മറുപടിയായി 20-22 എണ്ണമെങ്കിലും ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ അമിത്ഷാ മുഖം തിരിച്ചു.
ഔദ്യോഗിക കാര്യങ്ങൾ ചെയ്യാൻ ലൊക്കേഷനിൽ മന്ത്രാലയത്തിൽ നിന്നുള്ള മൂന്നോ നാലോ പേരുണ്ടാകുമെന്നും അവർക്ക് താനോ നിർമ്മാതാവോ കാരവൻ ക്രമീകരിച്ചുനൽകുമെന്നും സുരേഷ്ഗോപി വ്യക്തമാക്കി.
സിനിമയ്ക്ക് അനുമതി കിട്ടിയാൽ തൃശൂരിനായി കൂടുതൽ സമയം വിനിയോഗിക്കാനാവും. ഇപ്പോൾ ആന്ധ്ര, തമിഴ്നാട്, തൃപുര സംസ്ഥാനങ്ങളിൽ ചെലവിടുന്ന സമയംപോലും തൃശൂരിൽ ലഭിക്കുന്നില്ല. മന്ത്രിപദം മോഹിച്ചിരുന്നില്ല. ജയിപ്പിച്ചവരോടുള്ള രാഷ്ട്രീയമായ നന്ദിക്കുറിപ്പാണ് കേന്ദ്രമന്ത്രിപദമെന്ന് പാർട്ടി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേംബർ പ്രസിഡന്റ് സജി നന്ത്യാട്ട്, സെക്രട്ടറി ബി.ആർ.ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
ഒറ്റക്കൊമ്പൻ
മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റക്കൊമ്പൻ 2020ൽ പ്രഖ്യാപിച്ചതാണ്. കൊച്ചി, പാലാ, മലേഷ്യ എന്നിവിടങ്ങളിലാണ് ചിത്രീകരണം. മുകേഷ്, രഞ്ജി പണിക്കർ, ബിജു മേനോൻ, വിജയരാഘവൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. സെപ്തംബർ ഒന്നിന് ചിത്രീകരണം തുടങ്ങും. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ വാർഷിക യോഗം തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.