വടക്കാഞ്ചേരി: വെള്ളപ്പൊക്കത്തിൽ വടക്കാഞ്ചേരി മുങ്ങിയപ്പോൾ കോടികൾ നഷ്ടമുണ്ടായ വ്യാപാരികൾ നഷ്ടപരിഹാരവും ഓണക്കച്ചവടവും മുടങ്ങിയതോടെ കടക്കെണിയിൽ. ഏകോപന സമിതിയിൽ ഉൾപ്പെട്ട വ്യാപാരികൾക്ക് ഏകദേശം ഒന്നര കോടിയുടെ നഷ്ടം ഉൾപ്പെടെ രണ്ടു കോടിയിലധികം നാശനഷ്ടമുണ്ടായതായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറയുന്നു.
രാഷ്ട്രീയ പാർട്ടികൾ ആശ്വാസവാക്കുകളായി എത്തിയതല്ലാതെ നഷ്ടപരിഹാരം ലഭിക്കുമെന്ന ഒരു ഉറപ്പുമില്ലെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം വ്യാപാരികൾക്കുണ്ടായ നഷ്ടം ഏറെ വേദനാജനകമാണെന്നും എന്നാൽ നഗരസഭയ്ക്ക് ഇക്കാര്യത്തിൽ കൂടുതലൊന്നും ചെയ്യാനാകില്ലെന്നും ചെയർമാൻ പി.എൻ.സുരേന്ദ്രൻ വ്യക്തമാക്കി. വ്യാപാരികൾ നൽകിയ നിവേദനം സർക്കാരിന് കൈമാറും. മാനദണ്ഡങ്ങൾ അനുസരിച്ച് സർക്കാരിൽ നിന്ന് എന്തെങ്കിലും ലഭിക്കുമെങ്കിൽ അത് വാങ്ങി നൽകുമെന്നും ചെയർമാൻ പറഞ്ഞു. വയനാട് ദുരിതാശ്വാസ നിധിയിലേക്കും മറ്റും സംഭാവനകളായെത്തുന്ന വ്യാപാരി സമൂഹത്തിന് ചെറിയ കൈത്താങ്ങെങ്കിലും നൽകണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഓട്ടു പാറമേഖലയിലാണ് കൂടുതൽ നഷ്ടമുണ്ടായത്.
നഷ്ടക്കണക്ക് ഇങ്ങനെ
ഓണാഘോഷം ഉപേക്ഷിക്കരുത്
ഓണാഘോഷം ഉപേക്ഷിക്കാനുള്ള സർക്കാർ നീക്കം വ്യാപാര മേഖലയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് അജിത് മല്ലയ്യ. ദുരന്തത്തിൽ എല്ലാ വിഭാഗങ്ങൾക്കും വലിയ വേദനയുണ്ട്. വ്യാപാരികൾക്ക് ഇനിയുള്ള പ്രതീക്ഷ ഓണക്കാലമാണ്. വ്യാപാരം ശക്തമാകണമെങ്കിൽ ഓണാഘോഷം അനിവാര്യമാണ്. അതുകൊണ്ട് ഉപേക്ഷിക്കാനുള്ള നീക്കം പിൻവലിക്കണം. വിശദമായ കണക്ക് ഉൾപ്പെടുത്തി നഗരസഭയ്ക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അജിത് മല്ലയ്യ കൂട്ടിച്ചേർത്തു.
വ്യാപാരികൾ നൽകിയ നിവേദനം സർക്കാരിന് കൈമാറും. മാനദണ്ഡങ്ങൾ അനുസരിച്ച് സർക്കാരിൽ നിന്ന് എന്തെങ്കിലും ലഭിക്കുമെങ്കിൽ അത് വാങ്ങി നൽകും.
പി.എൻ.സുരേന്ദ്രൻ
നഗരസഭാ ചെയർമാൻ