ഇരിങ്ങാലക്കുട: ഗുരുദേവ ജയന്തി ആഘോഷം മേഖലയിൽ വിവിധ പരിപാടികളോടെ നടത്തി. എസ്.എൻ.ബി.എസ് സമാജം, മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ, മേഖലയിലെ ഇതര ശ്രീനാരായണ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ വിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ നടത്തിയ ചടങ്ങുകളിൽ ആയിരങ്ങൾ പങ്കെടുത്തു. രാവിലെ സമാജം പ്രസിഡന്റ് കിഷോർകുമാർ നടുവളപ്പിൽ പതാക ഉയർത്തി. തുടർന്ന് സർവൈശ്വര്യപൂജയും പ്രഭാഷണവും നടന്നു.
യൂണിയൻ ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ പ്രതിഷ്ഠാ വാർഷിക ദിനാഘോഷവും ഗണപതിഹവനം, കലശാഭിഷേകം, വിശേഷാൽപൂജകൾ എന്നിവയും നടന്നു. രാവിലെ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാക ഉയർത്തി. ഉച്ചതിരിഞ്ഞ് കൂടൽമാണിക്യം ക്ഷേത്രപരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയ്ക്ക് സമാജം സെക്രട്ടറി എം.കെ. വിശ്വംഭരൻ, യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ, ഷിജിൻ തവരങ്കാട്ടിൽ, വേണു തോട്ടുങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന പൊതുസമ്മേളനം നഗരസഭാ ചെയർപേഴ്‌സൺ സുജ സജീവ്കുമാർ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് കിഷോർകുമാർ നടുവളപ്പിൽ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അനുഗ്രഹപ്രഭാഷണം നടത്തി. വിവിധ മത്സര വിജയികൾക്ക് ഐ.ടി.യു ബാങ്ക് ചെയർമാൻ എം.പി. ജാക്‌സൺ സമ്മാനങ്ങൾ വിതരണം ചെയ്തു.