ഭാഗികമായി തകർന്നത് 1,503 വീടുകൾ
തൃശൂർ: മഴക്കെടുതിയിൽ ജില്ലയിൽ 11,955 വീടുകളിൽ വെള്ളം കയറിയെന്നും പൂർണ്ണമായി 54 വീടുകളും ഭാഗികമായി 1,503 വീടുകളും തകർന്നതായും മന്ത്രി കെ. രാജൻ അറിയിച്ചു. ജില്ലാതല ഉദ്യോഗസ്ഥരുമായി ചേർന്ന മഴക്കെടുതി അവലോകന യോഗത്തിനുശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നാശനഷ്ടത്തിന്റെ തോതനുസരിച്ച് തൃശൂരിന് പ്രത്യേക പരിഗണന നൽകി പരമാവധി സഹായം ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നാശനഷ്ടം വിലയിരുത്താൻ സമഗ്ര കണക്കെടുപ്പാണ് നടത്തുന്നത്. നാശന്ടം 31നകം പൂർണമായി തയ്യാറാക്കി സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ നിർദ്ദേശം നൽകി. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് 21) വൈകീട്ട് അഞ്ചിന് ജില്ലയിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേരും.
പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ കണക്കെടുപ്പ് ഏകദേശം പൂർത്തിയായിട്ടുണ്ട്. മുഴുവൻ പേർക്കും നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും പറഞ്ഞു.
ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പങ്കെടുത്തു. കളക്ടർ അർജുൻ പാണ്ഡ്യൻ, എ.ഡി.എം: ടി. മുരളി, സബ് കളക്ടർ മുഹമ്മദ് ഷഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.