തൃശൂർ: അഡ്വാൻസ് കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ 1,15,000 രൂപയും പലിശയും നൽകാൻ വിധി. മരത്താക്കരയിലുള്ള സ്റ്റാൻഡേർഡ് സെറാമിക്‌സിന്റെ മാനേജിംഗ് പാർട്ണർ വി.ഐ.കുരുവിള ഫയൽ ചെയ്ത ഹർജിയിലാണ് പാലക്കാടുള്ള കമ്പനിക്കെതിരെ വിധിയായത്. സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് ഹർജിക്കാരനിൽ നിന്ന് എതിർകക്ഷികൾ ലക്ഷം രൂപയാണ് കൈപ്പറ്റിയത്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ സിസ്റ്റം സ്ഥാപിച്ചു നൽകുമെന്നാണ് ഉടമ്പടിയിലുണ്ടായിരുന്നത്. എന്നാൽ സിസ്റ്റം സ്ഥാപിച്ചില്ല. പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് അഡ്വാൻസ് കൈപ്പറ്റിയ ലക്ഷം രൂപയും 2020 ജനുവരി 16 മുതൽ 9 ശതമാനം പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചെലവിലേക്ക് 5000 രൂപയും നൽകാൻ വിധിച്ചു. ഹർജിക്കാരനായി അഡ്വ.എ.ഡി.ബെന്നി ഹാജരായി.