തൃപ്രയാർ: നാട്ടികയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ഗുരുദേവന്റെ 170-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീനാരായണ ഹാളിൽ നടന്ന സാംസ്‌കാരിക സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചെങ്കിൽ ആ കെട്ട കാലത്തെ മാറ്റിയെടുക്കുന്നതിൽ അരിവിപ്പുറം പ്രതിഷ്ഠ മുതൽ ശ്രീനാരായണ ഗുരു വഹിച്ച പങ്ക് ആർക്കും മറച്ചുവയ്ക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ദുരന്തങ്ങളുണ്ടാവുമ്പോൾ കേരള ജനതയ്ക്ക് ഒറ്റ മനസ്സോടെ പ്രവർത്തിക്കാൻ കഴിയുന്നതിൽ ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം വളരെ വലുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ മുഖ്യാതിഥിയായി. ആഘോഷക്കമ്മിറ്റി പ്രസിഡന്റ് എ.വി. സഹദേവൻ അദ്ധ്യക്ഷനായി. സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുളള സമ്മാനങ്ങൾ മന്ത്രി കെ. രാജനും പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശനും വിതരണം ചെയ്തു. സാമൂഹിക ക്ഷേമനിധിയുടെ വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. സി.കെ. സുഹാസ്, എൻ.എ.പി. സുരേഷ്‌കുമാർ, സി.പി. രാമകൃഷ്ണൻ, ബൈജു കോറോത്ത് എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി. വനിതാസംഘം അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.