കൊടുങ്ങല്ലൂർ : കടലിലെ മത്സ്യ സമ്പത്തിന് ഗുരുതരമായ വിഘാതം സൃഷ്ടിക്കുന്ന പെലാജിക് ഇരട്ടവല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം വ്യാപകമാകുന്നു. കടലിന്റെ മുകൾ ഭാഗം മുതൽ അടിത്തട്ട് വരെ എത്തുന്ന കിലോമീറ്റർ കണക്കിന് നീളമുള്ള വല ഉപയോഗിച്ചാണ് പെലാജിക് ട്രോളിംഗ് നടത്തുന്നത്. നീളമേറിയ വലയിൽ തീരെ ചെറിയ മീൻകുഞ്ഞുകളും മുട്ടകളുംപെടും. ഇത്തരം രീതി കടലിലെ മത്സ്യസമ്പത്ത് കുറയാൻ ഇടയാക്കും. നിയമംമൂലം ഇത്തരത്തിലുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ നിരോധനം വ്യാപകമായി ലംഘിക്കപ്പെടുകയാണെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചൂണിക്കാണിക്കുന്നു. ഇത് മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാകുമെന്നും കടലിലെ ആവാസവ്യവസ്ഥ തകർക്കുമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യലഭ്യത കുറയുമെന്നുമാണ് ഉയരുന്ന ആശങ്ക. ഇതുമൂലം ചാള, അയല തുടങ്ങിയ മത്സ്യങ്ങൾ കിട്ടാതെയായതായും മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ദിവസം അഴീക്കോട് ലൈറ്റ് ഹൗസിന് വടക്ക് പടിഞ്ഞാറ് 10 നോട്ടിക്കൽ ഭാഗത്ത് പെലാജിക് വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് കോസ്റ്റൽ പൊലീസ് സംഘം പിടികൂടിയിരുന്നു. മുമ്പ് രാത്രികാലങ്ങളിൽ പെലാജിക് വല ഉപയോഗിച്ചിരുന്നത് അന്യ സംസ്ഥാനക്കാരായിരുന്നു. പിന്നീട് തദ്ദേശീയരും ഏറ്റെടുത്തത് വില്ലനായി. പെലാജിക് വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധന രീതിക്ക് അറുതി വരുത്താൻ അടിയന്തരമായി അധികൃതർ തയ്യാറാകണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.
ഫീഷറീസ് സ്റ്റേഷൻ മാർച്ച് ഇന്ന്
കടൽസമ്പത്ത് ഇല്ലാതാക്കുന്ന ട്രോളിംഗ് ബോട്ടുകളുടെ പെയർ പെലാജിക് മത്സ്യബന്ധനം പൂർണമായും തടയണമെന്ന് ആവശ്യപ്പെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പണിമുടക്കി ഇന്ന് അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേയ്ക്ക് മാർച്ചും ധർണയും നടത്തും. ക്ഷേമനിധി ബോർഡ് വർദ്ധിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതവും വള്ളങ്ങളുടെ ലൈസൻസ് ഫീസും പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാവിലെ ഒൻപതിന് ചേരമാൻ ഗ്രൗണ്ടിൽ നിന്ന് മാർച്ച് ആരംഭിക്കും. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്യും. കെ.എ. ഷിഹാബ് അദ്ധ്യക്ഷനാകും.