തൃശൂർ : ഓണം വാരാഘോഷം ഉൾപ്പെടെയുള്ളവ നടത്തില്ലെന്ന് സർക്കാർ അറിയിച്ചെങ്കിലും തൃശൂരിൽ പുലികളിക്ക് പിന്നാലെ കുമ്മാട്ടിക്കളിയും നടന്നേക്കും. മന്ത്രിതല ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് പുലിക്കളിയും കുമ്മാട്ടിയും ഓണനാളിൽ നടത്താൻ തീരുമാനമാകുന്നത്.
പുലികളി നടത്തേണ്ടതില്ലെന്ന് കോർപ്പറേഷൻ തീരുമാനിച്ചിരുന്നെങ്കിലും നിലവിൽ ഒരുക്കം തുടങ്ങിയതിനാൽ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പുലികളി സംഘങ്ങൾ മന്ത്രിമാരെ സമീപിച്ചു. മുന്നൊരുക്കം നടത്തിയത് മൂലം മുഴുവൻ സംഘങ്ങളും നിലവിൽ വൻ സാമ്പത്തിക ബാദ്ധ്യതയിലാണ്. ഈ സാഹചര്യത്തിൽ സംഘങ്ങളുടെ അഭിപ്രായം അറിയുന്നതിന് യോഗം വിളിക്കാമെന്ന് മേയർ അറിയിച്ചെങ്കിലും ഇതുവരെ തയ്യാറാകാത്ത സാഹചര്യത്തിലാണ് സർക്കാരിനെ സമീപിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശസ്വയം ഭരണ വകുപ്പ് അനുമതി നൽകിയത്. മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, പി.ബാലചന്ദ്രൻ എം.എൽ.എ എന്നിവരുടെ ഇടപെടൽ നിർണായകമായി. അതേസമയം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കൗൺസിലാണെന്ന അഭിപ്രായമാണ് മേയറുടേത്. 24 ന് ചേരുന്ന കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്യും.
ഇത്തവണത്തെ പുലികളി സംഘങ്ങൾ
പുലികളി യുവജന സംഘം വിയ്യൂർ, വിയ്യൂർ ദേശം പുലികളി സംഘം, ശങ്കരംകുളങ്ങര ദേശം പുലികളി ആഘോഷ കമ്മിറ്റി , കാനാട്ടുകര ദേശം പുലികളി, ചക്കാമുക്ക് ദേശം പുലികളി, ശക്തൻ പുലികളി സംഘം, സീതാറാം മിൽ ദേശം പുലികളി സംഘാടക സമിതി, പാട്ടുരായ്ക്കൽ ദേശം കലാകായിക സാംസ്‌കാരിക സമിതി, അയ്യന്തോൾ ദേശം പുലികളി സംഘാടക സമിതി എന്നീ സംഘങ്ങളാണ് ഇത്തവണ പേര് രജിസ്റ്റർ ചെയ്തത്.
കുമ്മാട്ടി ഒരുക്കം സജീവം
പുലികളിക്ക് ഒപ്പം കുമ്മാട്ടിക്കളിയും ഉണ്ടാകില്ലെന്ന കോർപറേഷൻ തീരുമാനവും മന്ത്രി കെ.രാജന്റെ ഇടപെടലിനെ തുടർന്ന് മാറ്റി. പരമ്പരാഗത കുമ്മാട്ടിക്കളിക്ക് തടസമില്ലെന്ന് സർക്കാർ അറിയിച്ചു. ഇന്നലെ ചേർന്ന ക്യാബിനറ്റ് യോഗത്തിൽ മന്ത്രി കെ.രാജൻ വിഷയം അവതരിപ്പിച്ചു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി അനുമതി നൽകിയത്. കുമ്മാട്ടിക്കളി സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തൃശിവപേരൂർ കുമ്മാട്ടി സംഘം മന്ത്രി രാജന് കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്നും അറിയിച്ചു. നേരത്തെ മറ്റ് കുമ്മാട്ടി സംഘങ്ങളും അനുമതി നൽകണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.
പ്രധാന കുമ്മാട്ടികൾ
കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി, തെക്കുംമുറി, നെല്ലങ്കര ശ്രുദുർഗ, മുക്കാട്ടുകര, പൃഥ്വി കിഴക്കുംപാട്ടുകര, നായ്ക്കനാൽ, ചേറൂർ ഏവന്നൂർ, നെട്ടിശേരി, ചെമ്പൂക്കാവ്, സൂര്യഗ്രാമം, ഊരകം, അയ്യന്തോൾ
കുമ്മാട്ടിയെ ചൊല്ലിയുള്ള അനിശ്ചിതത്വം ഒഴിവായി. പതിവുപോലെ ഇത്തവണ കുമ്മാട്ടിക്കളി നടക്കും
സുരേന്ദ്രൻ ഐനിക്കുന്നത്ത്
പ്രസിഡന്റ്, തൃശിവപേരൂർ കുമ്മാട്ടി സംഘം.