collecterrr

തൃശൂർ : മഴ ഉണ്ടാകുമ്പോൾ അവധി പ്രഖ്യാപിക്കാനുള്ള മാനദണ്ഡം എന്തൊക്കെ...? കളക്ടറെ കണ്ടപ്പോൾ വിദ്യാർത്ഥികൾക്ക് ചോദിക്കാനുള്ള ആദ്യ ചോദ്യമിതായിരുന്നു. ഉടൻ കളക്ടർ അർജുൻ പാണ്ഡ്യന്റെ ഉത്തരമെത്തി. സുരക്ഷയ്ക്ക് പ്രാധാന്യം നൽകും. മഴയുടെ തോതും തീവ്രതയും മുന്നറിയിപ്പ് നിലയുമെല്ലാം പരിഗണിക്കും. എന്നിട്ടാണ് അവധി തീരുമാനം. ജില്ലയിലെ വിദ്യാർത്ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കാനും കളക്ടർ സംഘടിപ്പിച്ച ചേമ്പറിലെ യോഗത്തിൽ ആദ്യത്തെ അതിഥിയായെത്തിയത് പാമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. എന്തുകൊണ്ട് സിവിൽ സർവീസ് എന്ന ചോദ്യത്തിന് സമൂഹത്തിലെ എല്ലാ മേഖലകളിലും ഇടപെടൽ നടത്താൻ ഐ.എ.എസ് പദവിക്കാകുമെന്നായിരുന്നു മറുപടി. എന്നാൽ ഓരോരുത്തരും തങ്ങളുടെ അഭിരുചിക്കും താൽപര്യങ്ങൾക്കും അനുസരിച്ചുള്ള മേഖല തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഐ.എ.എസ്, ഐ.പി.എസ് തിരഞ്ഞെടുപ്പ്, ജില്ലാ കളക്ടറെന്ന നിലയിൽ നേരിടുന്ന വെല്ലുവിളികൾ, പ്രശ്‌നങ്ങൾ, തൃശൂരിനെ കുറിച്ചുള്ള പ്രതീക്ഷ തുടങ്ങി വിവിധ വിഷയങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികൾ ചോദിച്ചറിഞ്ഞു. പ്രതിവാരം ഓരോ സ്‌കൂളിലെയും കോളജിലെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സംശയങ്ങൾക്ക് ഉടൻ മറുപടിയും പരാതികൾക്ക് നടപടിയെന്ന ഉറപ്പും നൽകിയാണ് കളക്ടർ വിദ്യാർത്ഥികളെ യാത്രയാക്കിയത്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആശയങ്ങളും ചോദ്യങ്ങളും യാതൊരു മടിയും കൂടാതെ അവതരിപ്പിക്കാൻ സാധിക്കുന്ന വേദിയായും മുഖാമുഖം മാറി.

പരാതികൾ

സ്‌കൂളിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സ്വകാര്യ ബസുകൾ നിറുത്താതെ പോകുന്ന ബുദ്ധിമുട്ടും കളക്ടറുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ വിഷയത്തിൽ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സ്‌കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് സത്യനാരായണൻ, ഇകണോമിക്‌സ് അദ്ധ്യാപകൻ ടി.വാസുദേവൻ എന്നിവർക്കൊപ്പം പ്ലസ് വൺ, പ്ലസ് ടു ക്ലാസിലെ 20 വിദ്യാർത്ഥികളാണ് കളക്ടറേറ്റിലെത്തിയത്.