ചേർപ്പ് : പാറളം പഞ്ചായത്തിന് നാലരക്കോടി രൂപ ചെലവിൽ ഹൈടെക് സംവിധാനങ്ങളോടെ പുതിയ കെട്ടിടം ഒരുങ്ങും.2022-23 ബഡ്ജറ്റ് പ്രകാരം സമർപ്പിച്ച പഞ്ചായത്തിന്റെ പുതിയ കെട്ടിട നിർമ്മാണത്തിന് സർക്കാരിൽ നിന്ന് 4.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു. 3.50 കോടി ബഡ്ജറ്റ് തുകയായും ഒരു കോടി പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും വിനിയോഗിക്കണം. കാലപ്പഴക്കം മൂലം ശോചനീയാവസ്ഥിലായ പഞ്ചായത്ത് കെട്ടിടം പുനർനിർമ്മിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് പാറളം പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സി.സി. മുകുന്ദൻ എം.എൽ.എ ഈ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
സംവിധാനങ്ങൾ വിപുലം
ഹൈടെക് സംവിധാനങ്ങളാണ് പുതിയ ഓഫീസിൽ ഉണ്ടാകുക. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പ്രത്യേക മുറി, അംഗങ്ങൾക്ക് ഇരിക്കാനുള്ള മുറി, കോൺഫറൻസ് ഹാൾ, കുടുംബശ്രീ കാന്റീൻ, കുടുംബശ്രീ ഓഫീസ്, എൽ.എസ്.ഡി.എ.ഇ ഓഫീസ്, എൻ.ആർ.ഇ.ജി.എസ് ഓഫീസ്, വി.ഒമാർക്കുള്ള ഓഫീസുകൾ എന്നിവ ഉണ്ടാകും. കെട്ടിടത്തിന് ഇരുവശങ്ങളിലുമായി 16 കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്.
സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദ്ദേശം നൽകി.
- സി.സി. മുകുന്ദൻ എം.എൽ.എ